ആരാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേരളത്തില്‍ വളര്‍ത്തിയത് ?

ആരാണ് പോപ്പുലര്‍ ഫ്രണ്ടിനെയും എസ് ഡി പി ഐ യും കേരളത്തില്‍ വളര്‍ത്തിയത്? വെള്ളിയാഴ്ചത്തെ ഹര്‍ത്താലിനിടയില്‍ ഏറ്റവുമധികം ഉയര്‍ന്ന് കേട്ടത് ഈ ചോദ്യമായിരൂന്നു. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ് ഡി പി ഐ യുടെയും വളര്‍ച്ചയുടെ സകല ഉത്തരവാദിത്വവും മുസ്‌ളീം ലീഗിന്റെ തലയില്‍ വച്ചു കെട്ടി. പി കെ കുഞ്ഞാലിക്കുട്ടിയാകട്ടെ മുസ്‌ളീം ലീഗാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ് ഡി പി ഐയുടെയും മുഖ്യശത്രുവെന്ന് അസിന്നിഗ്ധമായി പ്രഖ്യാപിക്കുകയും, ജയരാജന്റെ വാദങ്ങളെ തള്ളിക്കളയുകയും ചെയ്തു.

ശരിക്കും ആരാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അവരുടെ രാഷ്ടീയ രൂപമായ എസ് ഡി പി ഐ യും വളര്‍ത്തിയത്. അക്കാര്യത്തില്‍ സി പി എമ്മിനുള്ള പങ്ക് ആര്‍ക്കും അത്ര പെട്ടെന്നു നിഷേധിക്കാന്‍ കഴിയില്ല. കേരളത്തിലെ മുസ്‌ളീം സമൂഹത്തില്‍ പ്രത്യേകിച്ച് മലബാറിലെ മുസ്‌ളീം സമൂഹത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗിനുള്ള മേല്‍ക്കൈയ്യാണ് കേരളത്തില്‍ യു ഡി എഫിനെ 1970 കള്‍ക്ക് ശേഷം അധികാരത്തില്‍ കൊണ്ടുവരുന്നത് . ഇത് വ്യക്തമായി മനസിലാക്കിയ സി പി എം ലീഗിനെ ദുര്‍ബലപ്പെടുത്തുക എന്ന നയം തങ്ങളുടെ രാഷ്ട്രീയ അടവു നയമായി സ്വീകരിച്ചു തുടങ്ങി. 90 കളുടെ അവസാനത്തോടെ പിണറായി വിജയന്‍ സി പി എമ്മിന്റെ തലപ്പെത്തെത്തിയതോടെ ഒന്നുകില്‍ ലീഗിനെ ഇടതുമുന്നണിയിലെത്തിക്കുക, അല്ലങ്കില്‍ അതിനെ ദുര്‍ബലമാക്കുക എന്ന തന്ത്രത്തിന് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചു. അതോടെ മുസ്‌ളീം വിഭാഗത്തിലെ ഫ്രിന്‍ജ് എലിമെന്റുകള്‍ അഥവാ വിഭാഗീയ ശക്തികളുമായി സി പി എം പതിയെ അടുക്കാന്‍ തുടങ്ങി.

2006 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തലശേരിയില്‍ മല്‍സരിച്ചപ്പോള്‍ സി പി എം പ്രകടമായി പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടിയെന്നതരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സി പി എം കോട്ടയായ തലശേരിയില്‍ കോടിയേരി അന്ന് വിജയിച്ചത് കഷ്ടിച്ച് പതിനായിരം വോട്ടിനായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ് ഡി പി ഐയുടെയും സഹായമില്ലാതിരുന്നെങ്കില്‍ കോടിയേരിയുടെ കാര്യം അവിടെ പരുങ്ങലിലാകുമായിരുന്നുവെന്നാണ് അന്ന് കോണ്‍ഗ്രസ് ആരോപിച്ചത്. പിന്നീട് കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്താണ് കേരളത്തിലെ ആദ്യത്തെ ഭീകര പ്രവര്‍ത്തനമെന്ന് വിളിക്കാവുന്ന തൊടുപുഴയിലെ ജോസഫ് മാഷിന്റെ കൈവട്ടല്‍ നടന്നത്. ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് തൊടുപുഴയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും ഏത് സമയത്തും ചോദ്യപ്പേപ്പറിട്ട ജോസഫ് മാഷിന് നേരെ ആക്രമണമുണ്ടാവുമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും ആഭ്യന്തര വകുപ്പ് അനങ്ങിയില്ല. അതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ് ഡി പി ഐ യുടെയും വോട്ടു വാങ്ങിയതിന്റെ പ്രത്യുപകരമായിരുന്നുവെന്ന് ബി ജെ പി അടക്കമുള്ളവര്‍ അന്നാരോപിച്ചിരുന്നു.

പിന്നീട് കേരളത്തിന്റെ മധ്യ തെക്കന്‍ ജില്ലകളില്‍ സി പി എം പലപ്പോഴും എസ് ഡി പി ഐ വോട്ടുകള്‍ വാങ്ങിയാണ് ജയിക്കുന്നെതെന്ന ആരോപണവും വിവിധ തിരഞ്ഞെടുപ്പുകളില്‍ ശക്തമായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ സി പി എം സ്ഥാനാര്‍ത്ഥിക്ക് എസ് ഡി പി ഐ ബന്ധമുണ്ടെന്ന് ഉന്നത സി പി എം നേതാക്കള്‍ തന്നെ ആരോപിച്ച സംഭവമുണ്ടായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എം എസ് ഡി പി ഐ യുടെ വോട്ടുവാങ്ങിയെന്നു യു ഡി എഫും ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ മുസ്‌ളീം ലീ്ഗ് അധികാരത്തില്‍ വരുമ്പോളാണ് പോപ്പുലര്‍ ഫ്രണ്ടിനും, അവരുടെ രാഷ്ട്രീയ സംഘടനയായ എസ് ഡി പി ഐ ക്കും സംരക്ഷണം ലഭിക്കുന്നതെന്ന്് സി പി എം പറയുന്നു. നാദാപുരത്തുണ്ടായ ലീഗ്- സി പി എം സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി സി പി എം പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് വേണ്ടി ആരംഭിച്ചതാണ് എന്‍ ഡി എഫ് എന്ന സംഘടനയെന്നും അത് പിന്നീട് പോപ്പുലര്‍ ഫ്രണ്ടും എസ് ഡി പി ഐ യുംഒക്കെ ആയെന്നുമാണ് സി പി എം ഭാഷ്യം. നാദാപുരത്തെ സി പി എം – ലീഗ് സംഘടനങ്ങള്‍ക്ക് വര്‍ഗീയമാനം നല്‍കിയ ഉത്തരവാദിത്വത്തില്‍ നിന്ന് മുസ്‌ളീം ലീഗിനും കൈകഴുകാന്‍ പറ്റില്ലന്നതാണ് യഥാര്‍ത്ഥ്യം. യു ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍, മുസ്‌ളീം ലീഗ് അതിലെ പ്രധാനഘടക കക്ഷിയായിരിക്കുമ്പോള്‍ എസ് ഡി പി ഐക്ക് ഭരണപരമായ ആനുകൂല്യങ്ങള്‍ ലഭിക്കാറുണ്ടെന്നാണ് എം വി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഏതായാലും പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയെ കേരളത്തില്‍ വളര്‍ത്തിയതില്‍ ഭരണത്തിലുണ്ടായിരുന്ന രണ്ട് മുന്നണികള്‍ക്കും തുല്യ ഉത്തരവാദിത്വം തന്നെയാണുള്ളതെന്ന് വസ്തു നിഷ്ഠമായ വിശകലനത്തിലൂടെ നമുക്ക് ബോധ്യമാകും. കേരളത്തിലെ 70 ശതമാനം മണ്ഡലങ്ങളിലും യു ഡി എഫും എല്‍ ഡി എഫും ജയിക്കുന്നത് 3500-4000 വോട്ടിന്റെയൊക്കെ ഭൂരിപക്ഷത്തിലാണ് അത് കൊണ്ട് തന്നെ അത്രയും കേഡര്‍ വോട്ടുകള്‍ കൈവശം വയ്കുന്ന എസ് ഡി പി ഐ – പോപ്പുലര്‍ ഫ്രണ്ടുകാരോട് ഇരു മുന്നണികള്‍ക്കും മമതയുണ്ടാവുക സ്വഭാവികവുമാണ്. എന്നാല്‍ എസ് ഡി പി ഐ അല്ലങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് മുസ്‌ളീം വിരുദ്ധമാവുമോ എന്ന ഭയം ഇരു മുന്നണികള്‍ക്കും ഉണ്ടായതോടെയാണ് യഥാര്‍ത്ഥത്തില്‍ പോ്പ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ഒരു തീവ്ര സംഘടനക്ക് കേരളത്തില്‍ സ്‌പേസ് ഉണ്ടാകാന്‍ തുടങ്ങിയത്.

Read more

ഏതായാലും താല്‍ക്കാലികമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് പോലുള്ള വര്‍ഗീയ സംഘടനകളെ പ്രോല്‍സാഹിപ്പിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്കും മുന്നണികള്‍ക്കും വെള്ളിയാഴ്ചത്തെ ആക്രമ ഹര്‍ത്താല്‍ ഒരു മുന്നറിയിപ്പാണ്. ആര്‍ എസ് എസിന്റേതായാലും പോപ്പുലര്‍ ഫ്രണ്ടിന്റേതായാലും വര്‍ഗീയത എന്നാല്‍ കുടം തുറന്ന വിട്ട ഭൂതമാണ്. തുറന്ന് വിട്ടതിനെ തിരിച്ചു കുടത്തില്‍ കയറ്റുക എന്നത് അസംഭവ്യമാണ്. അത് കൊണ്ട് എന്തിന്റെ പേരിലായാലും കുടും ഭദ്രമായി അടച്ചുവയ്കുക എന്നതാണ് അഭികാമ്യം.