കഴിഞ്ഞ കുറച്ച് വർഷങ്ങളായി 7 സീറ്റർ മോഡലുകൾക്ക് വലിയ ഡിമാന്റാണ് ഇന്ത്യയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബങ്ങൾക്ക് പറ്റിയ വലിയ വാഹനങ്ങൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നതിനാൽ ഇത് മനസിലാക്കിയ കമ്പനികളെല്ലാം ഈ രംഗത്തേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഈ കൂട്ടത്തിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്‌യും മുന്നിൽ തന്നെയുണ്ട്. 7-സീറ്റർ എസ്‌യുവി സെഗ്മെന്റിനെ ഉന്നംവെച്ചുകൊണ്ടാണ് അൽകസാർ എന്ന എസ്‌യുവിയെ ബ്രാൻഡ് അവതരിപ്പിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചതുകൊണ്ട് തന്നെ അവതരിപ്പിച്ച സമയത്ത് വൻ സ്വീകാര്യതയാണ് അൽകസാറിന് ലഭിച്ചത്.
എസ്‌യുവി സെഗ്മെറ്റിലെ എതിരാളികളെല്ലാം വിപണിയിൽ പരിഷ്കാരികളായി എത്തിയതോടെ അൽകസാർ കുറച്ച് പിന്നിലേക്കായി. എന്നാൽ ഇവയെ എല്ലാം തകർത്തു തരിപ്പണമാക്കാൻ പുതിയ മാറ്റങ്ങളോടെ അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നുവെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. ഇന്നോവയുടെ യാത്ര സുഖത്തെ വെല്ലുന്ന തരത്തിലുള്ള ഫീച്ചറുകളും മറ്റുമായി വിപണിയിലെത്തിയിരിക്കുകയാണ് ഈ മോഡൽ. മുൻഗാമിയേക്കാൾ മികച്ച സ്റ്റൈലും ആരേയും മോഹിപ്പിക്കുന്ന വിലയുമാണ് പുതിയ ഹ്യുണ്ടായ് അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ. പെട്രോൾ-മാനുവൽ 7-സീറ്റർ ബേസ് വേരിയന്റിന് 14.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഡീസൽ എൻട്രി ലെവൽ എക്‌സിക്യൂട്ടീവ് ട്രിമ്മിന് 15.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.
6, 7 സീറ്റർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന എസ്‌യുവിക്ക് പുത്തൻ ക്രെറ്റയ്ക്ക് സമാനമായ സ്റ്റൈലിംഗ് ഫീച്ചർ പരിഷ്ക്കാരങ്ങളാണ് ഇത്തവണയും ലഭിച്ചിരിക്കുന്നത്. മോഡൽ വാങ്ങാൻ താത്പര്യമുള്ളവർക്ക് 25,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. എക്‌സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ നാല് വേരിയന്റ് ലെവലുകളിലാണ് പുതിയ അൽകസാർ ലഭ്യമാവുക. എക്സ്റ്റീരിയറിൽ H-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ക്വാഡ് ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ, കൂടുതൽ വ്യക്തമായ ഗ്രില്ലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ എന്നിവയെല്ലാം ഉപയോഗിച്ച് മുൻവശം പൂർണമായും മിനുക്കിയെടുത്തിട്ടുണ്ട്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലാണ് മറ്റൊരു പ്രത്യേകത. പിന്നിലേക്ക് വന്നാൽ കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളും പുതിയ ടെയിൽഗേറ്റ് ഡിസൈനും പുതിയ സ്‌പോയിലറും 7 സീറ്റർ എസ്‌യുവിയിൽ കാണാം.
വാഹനം മൊത്തത്തിൽ 4,560 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,700 മില്ലീമീറ്റർ ഉയരവും 2,760 മില്ലിമീറ്റർ വീൽബേസുമായാണ് വരുന്നത്. എട്ട് മോൺ-ടോണും ഒരു ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളുമായാണ് ഹ്യുണ്ടായ് പുതിയ അൽകസാർ വാഗ്‌ദാനം ചെയ്യുന്നത്.പുതിയ റോബസ്റ്റ് എമറാൾഡ് മാറ്റ്, ടൈറ്റൻ ഗ്രേ മാറ്റ് നിറങ്ങൾ കൂടാതെ റോബസ്റ്റ് എമറാൾഡ്, സ്റ്റാറി നൈറ്റ്, റേഞ്ചർ കാഖി, ഫിയറി റെഡ്, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ബ്ലാക്ക് റൂഫ് ഡ്യുവൽ ടോൺ ഓപ്ഷനുള്ള അറ്റ്ലസ് വൈറ്റ് എന്നിവയെല്ലാം എസ്‌യുവിക്ക് മാറ്റേകുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് അൽകസാർ എത്തുന്നത്. 158 ബിഎച്ച്പി കരുത്തിൽ 253 എൻഎം ടോർക്ക് സൃഷ്ടിക്കാൻ കഴിയുന്ന 1.5 ലിറ്റർ ടർബോ പെട്രോളാണ് ആദ്യത്തേത്.
പെട്രോൾ എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കാം. രണ്ടാമത്തേത് 114 ബിഎച്ച്പി പവറിൽ 250 എൻഎം ടോർക്ക് നൽകുന്ന 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിനാണ് അൽകസാറിലുള്ളത്. എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായോ ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായോ തെരഞ്ഞെടുക്കാനുമാവും. ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ലിറ്ററിന് 20.4 കിലോമീറ്റർ മൈലേജ് നൽകും.
ടർബോ പെട്രോൾ എഞ്ചിൻ ഉള്ള വേരിയന്റുകൾ ട്രാൻസ്മിഷൻ ചോയിസുകളെ ആശ്രയിച്ച് 17.5 കിലോമീറ്റർ മുതൽ 18 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യും. എസ്‌യുവിയുടെ ഡീസൽ പതിപ്പ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേരിയൻ്റുകളിൽ 18.1 കിലോമീറ്ററും മാനുവൽ ട്രാൻസ്മിഷൻ യൂണിറ്റുകളിൽ 20.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. മഹീന്ദ്ര XUV700, കിയ കാരെൻസ്, MJ ഹെക്‌ടർ പ്ലസ്, ടാറ്റ സഫാരി പോലുള്ള 7 സീറ്റർ എസ്‌യുവികളുമായാണ് ഹ്യുണ്ടായ് മത്സരിക്കുന്നത്.