ഉമ തോമസിന് പരിക്കേറ്റ സംഭവം; മൃദംഗ വിഷന്‍ സിഇഒ അറസ്റ്റില്‍

കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ നടപടിയുമായി പൊലീസ്. നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ സിഇഒയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിഇഒ ഷമീര്‍ അബ്ദുള്‍ റഹീം ആണ് കസ്റ്റഡിയിലായത്.

കൊച്ചിയിലെ ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നതിനിടെ ആണ് ഷമീല്‍ അറസ്റ്റിലായത്. ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൃദംഗവിഷന്‍ സിഇഒയും എംഡിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സിഇഒയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഞായറാഴ്ച ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച 12000 പേര്‍ പങ്കെടുത്ത നൃത്തപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉമ തോമസിന് വീണ് ഗുരുതര പരിക്കേറ്റത്.

സംഘാടകര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. സംഘാടകരായ മൃദംഗവിഷനെതിരെ ഗുരുതര ആക്ഷേപം ഉയര്‍ന്നിരുന്നു.