ദിവസം 1000 ബുക്കിംഗ്; നഷ്ടപ്പെട്ടതെല്ലാ തിരിച്ചുപിടിക്കാന്‍ മാരുതിയുടെ വജ്രായുധം

ഓഫ് റോഡറുകളുടെ തമ്പുരാനായി ഒറ്റയ്ക്ക് വിപണിയില്‍ വിലയിരുന്ന മഹീന്ദ്ര ഥാറിന് ശക്തനായ എതിരാളിയെ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസുക്കി. തങ്ങളുടെ ഐതിഹാസിക മോഡലായ ജിംനിയെ മാരുതി സുസുക്കി അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിലാണ് അഞ്ച് ഡോറുകളുള്ള ജിംനിയെ മാരുതി സുസുക്കി അവതരിപ്പിച്ചത്. ഇപ്പോഴിതാ ബുക്കിംഗ് പുരോഗമിക്കുന്ന വാഹനത്തിന്റെ പുതിയ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കമ്പനി.

ജിംനിക്കും മറ്റൊരു മോഡലായ ഫ്രോങ്ക്സിനും ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ജിംനിയുടെ ബുക്കിംഗ് 10,000 കവിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

‘വിപണിയില്‍ നിന്ന് ഞങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ചും ജിംനിക്കും, ഫ്രോങ്ക്‌സിനും. പ്രതിദിനം ഏകദേശം 1,000 എന്ന നിരക്കില്‍ ജിംനിക്ക് ബുക്കിംഗ് ലഭിക്കുന്നു. ഇതുവരെ 11,000-ത്തിലധികം ഓര്‍ഡറുകള്‍ ജിംനിക്കായി ഞങ്ങള്‍ക്ക് ലഭിച്ചു’ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

2023 ഓട്ടോ എക്സ്പോയില്‍ അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെ ജിംനിയുടെയും ഫ്രോങ്ക്സിന്റെയും ബുക്കിംഗ് മാരുതി സുസുക്കി ആരംഭിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി സുസുക്കിയുടെ സ്പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം ഓണ്‍ലൈനായോ നെക്‌സ ഡീലര്‍ഷിപ്പിലൂടെയോ പ്രീ-ബുക്ക് ചെയ്യാം. ജിംനിയെ ഈ കലണ്ടര്‍ വര്‍ഷത്തിന്റെ മധ്യത്തോടെ വിപണിയിലെത്താനാണ് മാരുതി ഉദ്ദേശിക്കുന്നത്.