ബെനെല്ലിയുടെ കുഞ്ഞൻ സ്‌ക്രാംബ്ലർ ലിയോൺസിനോ 250 വീണ്ടും ഇന്ത്യയിലേക്ക്..

ലോഞ്ച് ചെയ്യുന്നതിന് മുമ്പ് പരീക്ഷണ ഓട്ടം നടത്തിയ പുതിയ ബെനെല്ലി ലിയോൺസിനോ 250യുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുതിയ ബെനെല്ലി ലിയോൺസിനോ 250 പൊതു നിരത്തിൽ പരീക്ഷണ ഓട്ടം നടത്തുന്നതാണ് അടുത്തിടെ കണ്ടത്. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഈ അപ്‌ഡേറ്റ് ചെയ്ത മോഡലിൽ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ സ്പൈ ഷോട്ടുകൾ വെളിപ്പെടുത്തുന്നുണ്ട്. 2020ൽ പുതിയ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നപ്പോൾ മുൻ മോഡൽ നിർത്തലാക്കിയിരുന്നു.

ഒരു സ്‌ക്രാംബ്ലർ പോലെ കാണപ്പെടുന്നുണ്ടെങ്കിലും ഒരു പുത്തൻ ലുക്ക് നൽകുന്ന ചില ഡിസൈൻ മാറ്റങ്ങൾ ഈ മോഡലിനുണ്ട്. പരീക്ഷണം നടത്തുന്ന വാഹനം മറച്ചു വെച്ചതാണെങ്കിലും, മുൻവശത്ത് കൂടുതൽ കരുത്തുറ്റ ടാങ്ക് സെക്ഷൻ ഉണ്ടെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ഇതിൽ മൂർച്ചയുള്ള എക്സ്റ്റൻഷനുകൾ ഉണ്ട്. ഹെഡ്‌ലാമ്പ് അസംബ്ലി നവീകരിച്ചതായും കാണപെടുന്നുണ്ട്. അതുപോലെ തന്നെ കൂടുതൽ ദൃഢമായി കാണപ്പെടുന്നതും അല്പം വ്യത്യസ്തമായ സീറ്റ് വഹിക്കുന്നതുമായ ടെയിൽ സെക്ഷനും കാണാം.

അലോയ് വീലുകൾ മുമ്പത്തെപ്പോലെ തന്നെയാണ് കാണപെടുന്നത്. എങ്കിലും വ്യത്യസ്തമായ എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ എഞ്ചിൻ വ്യത്യസ്തമായ ഒരു സ്വഭാവം പുറപ്പെടുവിക്കാൻ സാധ്യതയുണ്ട് എന്നാണ് അർത്ഥമാക്കുന്നത്. വരാനിരിക്കുന്ന OBD-2B എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കുന്ന ചെറിയ മാറ്റങ്ങൾ ഒഴികെ എഞ്ചിൻ വലിയതോതിൽ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുൻ മോഡലിന് 249 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ആണ് കരുത്ത് പകരുന്നത്. ഇത് 6 സ്പീഡ് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 25.4 ബിഎച്ച്പിയും 21 എൻഎമ്മും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഇത്. 162 കിലോഗ്രാം ഭാരമുള്ള മോഡൽ വളരെ ഭാരം കുറഞ്ഞതാണ്. പുതിയ മോഡലും സമാനമായിരിക്കും എന്നാണ് കരുതുന്നത്. യുഎസ്ഡി ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക്, 17 ഇഞ്ച് വീലുകൾ, എബിഎസ്, എൽഇഡി ലൈറ്റിംഗ് തുടങ്ങിയവ അതേപോലെതന്നെ മോട്ടോർസൈക്കിൾ മുന്നോട്ട് കൊണ്ടു പോകും.

നിർത്തലാക്കുന്നതിന് മുമ്പ്, ബെനെല്ലി ലിയോൺസിനോ 250 ന് 2.84 ലക്ഷം രൂപ എക്സ്-ഷോറൂം വില നിശ്ചയിച്ചിരുന്നു. ഉത്സവസീസണിൽ ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്യുമ്പോൾ മോട്ടോർസൈക്കിളിന് അൽപ്പം കൂടുതൽ തന്നെ വില പ്രതീക്ഷിക്കാം.