ട്രംപിന്റെ പ്രൊമോഷനും ഫലിച്ചില്ല; ഇലോണ്‍ മസ്‌കിനെ കൈവിട്ട് യുഎസ്; ടെസ്ല വാങ്ങാന്‍ ആളില്ല

ടെക് ഭീമന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്ലയ്ക്ക് യുനൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ വന്‍ പ്രതിസന്ധി. അമേരിക്കന്‍ ജനതയ്ക്കിടയില്‍ ടെസ്ലയോടുള്ള അതൃപ്തി വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യാഹു ന്യൂസ് യുനൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ നടത്തിയ ഒരു സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യുഎസില്‍ മൂന്നില്‍ രണ്ട് പേരും ടെസ്ലയ്ക്ക് എതിരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് യുഎസ് ജനസംഖ്യയുടെ 67 ശതമാനം പേരും ടെസ്ല കാര്‍ വാങ്ങാന്‍ വിസമ്മതിക്കുന്നു. ഇലോണ്‍ മസ്‌ക് യുഎസ് ഗവണ്‍മെന്റിലെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ ട്രംപ് സര്‍ക്കാരിനോട് ശിപാര്‍ശ നടത്തിയതാണ് ടെസ്ല അതൃപ്തിയ്ക്ക് പാത്രമായത്.

ഇലോണ്‍ മസ്‌ക് ഇന്ത്യയിലേക്ക് വിപണി വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അമേരിക്കയില്‍ കമ്പനി വലിയ പ്രതിസന്ധി നേരിടുന്നത്. ട്രംപ് സര്‍ക്കാരിലെ ഇലോണ്‍ മസ്‌കിന്റെ ഇടപെടലുകളാണ് യുഎസ് ജനതയ്ക്ക് ടെസ്ല അപ്രിയ ബ്രാന്റായതിനുള്ള പ്രധാനകാരണം. മാര്‍ച്ച് 20 നും മാര്‍ച്ച് 24 നും ഇടയിലാണ് ഈ സര്‍വേ നടത്തിയത്.

നേരത്തെ ടെസ്ലയുടെ വില്‍പ്പനയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ട്രംപ് കമ്പനിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ടെസ്ലയുടെ എസ് മോഡല്‍ കാര്‍ വാങ്ങിയാണ് ട്രംപ് പിന്തുണ അറിയിച്ചത്. ഇതും യുഎസില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

അതേസമയം ടെസ്ല ഇന്ത്യന്‍ വിപണി തേടിയെത്തുന്നതിന് മുന്നോടിയായി ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ടെസ്ല വിപണി കണ്ടെത്തിയാലും ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡിയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍.