ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നാല് റണ്‍സിന് തോറ്റെങ്കിലും ഇന്ന് മികച്ച പ്രകടനമാണ് കൊല്‍ക്കത്തയുടെ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ക്വിന്റണ്‍ ഡികോക്ക് തുടക്കത്തിലെ പുറത്തായെങ്കിലും സുനില്‍ നരെയ്ന്‍, ക്യാപ്റ്റന്‍ രഹാനെ, വെങ്കടേഷ് അയ്യര്‍, റിങ്കു സിങ് എന്നിവരെല്ലാം തന്നെ കെകെആറിനായി തിളങ്ങി. 35 പന്തുകളില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 61 റണ്‍സാണ് ഇന്നത്തെ മത്സരത്തില്‍ രഹാനെ നേടിയത്. ഈ സീസണില്‍ മികച്ച ഫോമിലാണ് കൊല്‍ക്കത്ത നായകന്‍ കളിക്കുന്നത്. വെങ്കടേഷ് അയ്യറിനൊപ്പം ചേര്‍ന്ന് ഒരുഘട്ടത്തില്‍ കൊല്‍ക്കത്തയെ വിജയതീരത്ത് എത്തിക്കുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു രഹാനെയുടെ പുറത്താവല്‍.
അതേസമയം ഇന്നത്തെ മത്സരത്തിന് ശേഷം രഹാനെയെ കുറിച്ച് വരുന്ന ട്രോളുകള്‍ വൈറലാവുകയാണ്. 1,5 കോടിക്കാണ് താരത്തെ കൊല്‍ക്കത്ത ടീമിലെടുത്തത്. എന്നാല്‍ 27കോടിക്ക് എടുത്ത പ്ലെയറെ പോലെയാണ് അദ്ദേഹത്തിന്റെ കളി എന്നാണ് ആരാധകരില്‍ ചിലര്‍ പ്രശംസിച്ച് കുറിച്ചിട്ടുളളത്. 37 വയസായിട്ടും അദ്ദേഹത്തിന്റെ പഴയ ഫോമിനും ബാറ്റിങ്ങിനും ഒരു മാറ്റവും വന്നിട്ടില്ലെന്ന് ചിലര്‍ കുറിക്കുന്നു.
239 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഇന്ന് കൊല്‍ക്കത്തയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നല്‍കിയത്. എന്നാല്‍ മറുപടി ബാറ്റിങില്‍ ഇരുപത് ഓവറില്‍ 234 റണ്‍സ് എടുക്കാനേ കെകെആര്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചുളളു. അവസാന നിമിഷങ്ങളില്‍ റിങ്കു സിങ് വമ്പനടികളുമായി കളം നിറഞ്ഞെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.