പശ്ചിമ ബംഗാളില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു; മുര്‍ഷിദാബാദ് സംഘര്‍ഷഭരിതം, വിമര്‍ശനവുമായി ബിജെപി

പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഇന്ന് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കാനാണ് സര്‍ക്കാര്‍ നീക്കം. പശ്ചിമ ബംഗാളില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിന് വഴിവച്ചത്.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് പ്രതിഷേധം അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ പ്രധാന റോഡുകള്‍ ഉപരോധിക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

മുര്‍ഷിദാബാദിലെ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. അക്രമണങ്ങള്‍ക്ക് ഉത്തരവാദി ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണെന്ന് ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. വഖഫ് ഭേദഗതിക്കെതിരായ വിദ്വേഷ പ്രസംഗമാണ് സംഘര്‍ഷത്തിന് വഴിതെളിച്ചതെന്നും മാളവ്യ കൂട്ടിച്ചേര്‍ത്തു.

മുസ്ലീം പ്രീണന നയം തുടരുന്ന മമതാ ബാനര്‍ജി ബംഗാളിനെ ബംഗ്ലാദേശിന്റെ പാതയിലേക്ക് കൊണ്ടുപോവുകയാണെന്നും അമിത് മാളവ്യ പറഞ്ഞു. സംഘര്‍ഷം നടക്കുന്ന അതേ സ്ഥലത്തുതന്നെയാണ് മുമ്പ് കാര്‍ത്തിക പൂജയുടെ സമയത്ത് ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടന്നതെന്നും അമിത് മാളവ്യ ആരോപിച്ചു.

Read more

അതേസമയം വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ സുപ്രീം കോടതിയില്‍ കേന്ദ്രം തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. 16 ആം തീയതിയാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്.