ടൊയോട്ടയുടെ മാരുതി തന്ത്രം; വിപണിയില്‍ നേട്ടമോ നഷ്ടമോ?

ക്വാളിറ്റിയുടെ അവസാന വാക്കായ ടൊയോട്ട എന്തുകൊണ്ടാണ് മാരുതി സുസുക്കിയുടെ കാറുകള്‍ റീ ബാഡ്ജ് ചെയ്ത് പുറത്തിറക്കുന്നത്. ക്വാളിറ്റിയാണ് ലോകത്താകമാനമായി വര്‍ഷം ഒരു കോടിയിലേറെ വാഹനങ്ങള്‍ പുറത്തിറക്കുന്ന ടൊയോട്ടയുടെ മെയിന്‍. ടൊയോട്ട ഗ്ലാന്‍സയും അര്‍ബന്‍ ക്രൂസറുമൊക്കെ കാണുമ്പോള്‍ ടൊയോട്ടയ്ക്കിതെന്തുപറ്റിയെന്ന് ചിന്തിക്കാന്‍ വരട്ടെ, ഇതിന് പിന്നിലുള്ളത് 100 പേര്‍സന്റേജ് ബിസിനസ് ആണ്.

മാര്‍ക്കറ്റ് ഷെയറിംഗ് അഥവാ വിപണി പങ്കിടല്‍ എന്ന ബിസിനസ് സ്ട്രാറ്റര്‍ജിയാണ് ഇതിലൂടെ ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. ടൊയോട്ട എന്നാല്‍ പ്രീമിയം കാറുകള്‍ മാത്രമാണെന്ന സമവാക്യത്തെ തകര്‍ത്ത് ബഡ്ജറ്റ് കാറുകള്‍ വാങ്ങുന്നവരെ കൂടി ഷോറൂമുകളിലെത്തിക്കുക എന്ന ബിസിനസ് തന്ത്രമാണ് ഇതിനുപിന്നിലുള്ളത്.

ലോകം മുഴുവന്‍ പ്രീമിയം കാറുകള്‍ പുറത്തിറക്കുന്ന ടൊയോട്ടയ്ക്ക് ഇന്ത്യയിലും വലിയ വിപണി സാധ്യതയുണ്ട്. എന്നാല്‍ ടൊയോട്ടയ്ക്ക് ബഡ്ജറ്റ് കാറുകളുടെ സെഗ്മെന്റില്‍ വില്‍പ്പന കുറവായിരുന്നു. എതിയോസ്, യാരിസ്, ലിവ തുടങ്ങിയ മോഡലുകള്‍ വിപണിയില്‍ വലിയ ചലനമുണ്ടാക്കിയില്ല. ഹൈബ്രിഡ് ടെക്നോളജി സ്വന്തമായുള്ള ടൊയോട്ടയ്ക്ക് ബഡ്ജറ്റ് കാറുകള്‍ കുറഞ്ഞ ഉത്പാദന ചെലവില്‍ വിപണിയിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇതാണ് ടൊയോട്ടയ്ക്ക് ബഡ്ജറ്റ് കാറുകളുടെ സെഗ്മെന്റില്‍ സംഭവിച്ചത്.

അതേ സമയം മാരുതി സുസുക്കിയുടെ ബഡ്ജറ്റ് കാറുകള്‍ക്ക് ഇന്ത്യയിലും വിദേശത്തും പ്രിയമേറെയാണ്. എന്നാല്‍ മാരുതി സുസുക്കിയ്ക്ക് പ്രീമിയം സെഗ്മെന്റില്‍ ഫോര്‍ച്യൂണറിനോടും ഇന്നോവയ്ക്കും ഒപ്പം കിടപിടിക്കുന്ന മോഡലുകള്‍ ഉണ്ടായിരുന്നില്ല.

പരസ്പരം ടെക്നോളജി പങ്കുവച്ചുകൊണ്ട് മാരുതി സുസുക്കി ടൊയോട്ടയ്ക്ക് ബഡ്ജറ്റ് കാറുകളായ ഗ്ലാന്‍സയും അര്‍ബന്‍ ക്രൂസറുമൊക്കെ നിര്‍മ്മിച്ചുനല്‍കുമ്പോള്‍, ടൊയോട്ട പകരം മാരുതി സുസുക്കിയ്ക്കായി അവരുടെ പ്ലാന്റില്‍ ഇന്‍വിക്ടോ പോലുള്ള പ്രീമിയം കാറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു. ഇരു കമ്പനികള്‍ക്കും ഇതിലൂടെ ഉത്പാദന ചെലവ് കുറച്ച് വലിയൊരു വിപണി നേടാനായിട്ടുണ്ട്.

Read more

നിലവില്‍ ടൊയോട്ട വില്‍ക്കുന്ന 40 ശതമാനം കാറുകളും മാരുതി സുസുക്കി നിര്‍മ്മിച്ചവയാണ്. വിദേശ വിപണിയിലടക്കം ഇരു കമ്പനികള്‍ക്കും ഇത് ഗുണം ചെയ്യുന്നുണ്ട്. ടൊയോട്ടയ്ക്ക് ഇക്കൊല്ലം എംപിവി എസ്യുവി വിഭാഗങ്ങളിലായി 13 ശതമാനം വില്‍പ്പനയിലും വര്‍ധനവുണ്ട്. മാരുതി സുസുക്കി 1,60,791 വാഹനങ്ങള്‍ വിറ്റഴിച്ച് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.