അമേരിക്കയുടെ സര്‍വ്വാധികാരിയായി ഡൊണാള്‍ഡ് ട്രംപ്; ബിറ്റ്കോയിന്‍ 75,000 ഡോളറിന് മുകളില്‍; ചരിത്രത്തിലാദ്യം; 'സുവര്‍ണ്ണ കാലഘട്ടം' ഇതാണെന്ന് പ്രഖ്യാപനം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വന്‍ മുന്നേറ്റതില്‍ കുതിച്ചതിന് പിന്നാലെ ക്രിപ്റ്റോകറന്‍സികളും കുതിക്കുന്നു. വാര്‍ത്തകള്‍ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബിറ്റ്കോയിനാണ്. ചരിത്രത്തിലാദ്യമായി ബിറ്റ്കോയിന്‍ 75,000 ഡോളറിന് മുകളിലെത്തി. ഈ വര്‍ഷം മാര്‍ച്ച് 14ലെ 73,797.68 ഡോളറാണ് ബിറ്റ്കോയിന്‍ മറികടന്നത്.

പ്രസിഡന്റായാല്‍ ക്രിപ്റ്റോകറന്‍സികളെ പിന്തുണയ്ക്കുന്ന നിലപാട് ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന വാര്‍ത്തകളാണ് ബിറ്റ്കോയിന് തുണയാകുന്നത്. അടുത്തിടെ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന പേരില്‍ ക്രിപ്റ്റോ കറന്‍സി രംഗത്തേക്ക് ട്രംപ് കുടുംബം കടന്നിരുന്നു.

തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം ക്രിപ്റ്റോ കറന്‍സികള്‍ വഴിയാക്കാനുള്ള നീക്കം ആദ്യം തന്നെ ട്രംപ് നല്‍കിയിരുന്നു. സ്വന്തം കുടുംബത്തിന് ബിസിനസ് സാന്നിധ്യമുള്ള മേഖലയ്ക്ക് ദോഷകരമായതൊന്നും ട്രംപ് ചെയ്യില്ലെന്ന വിശ്വാസം തന്നെയാണ് റെക്കോഡ് ഉയരത്തിലേക്ക് ക്രിപ്റ്റോ കറന്‍സികളെ ഉയര്‍ത്തിയത്. ജൂലൈയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപിന് വെടിയേറ്റപ്പോഴും ബിറ്റ്കോയിന്‍ വില ഉയര്‍ന്നിരുന്നു. അന്ന് വെടിവയ്പ് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ 1,3000 ഡോളറോളമാണ് കുതിച്ചത്.

Read more

സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍ ആധിപത്യം നേടി. തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ അമേരിക്കന്‍ ജനതയ്ക്ക് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ ‘സുവര്‍ണ്ണ കാലഘട്ടം’ ഇതായിരിക്കുമെന്ന് പറഞ്ഞ ട്രംപ് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അവകാശപ്പെട്ടു. അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ആണെന്ന് ഡോണള്‍ഡ് ട്രംപ് പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും ട്രംപ് നന്ദി പറഞ്ഞു. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.