രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളില്‍ ഒന്നായ എച്ച്‌സിഎല്‍ ടെക് തലമുറമാറ്റത്തിലേക്ക് കടന്നതോടെ അതിസമ്പന്നരുടെ പട്ടികയില്‍ അംബാനിയ്ക്കും അദാനിയ്ക്കും ശേഷം മൂന്നാമതായെത്തി റോഷ്‌നി നാടാര്‍. എച്ച്‌സിഎല്‍ ടെക്കിന്റെ (HCL Tech) ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയുടെ ഒറ്റക്കുതിപ്പിലുള്ള മുന്നേറ്റം എച്ച്‌സിഎല്‍ ടെക്കിന്റെ പ്രൊമോട്ടര്‍ കമ്പനികളിലെ സിംഹഭാഹം ഓഹരിയും തന്റെ പേരിലേക്ക് വന്നതോടെയാണ്. റോഷ്‌നിക്ക് അച്ഛന്‍ ശിവ് നാടാര്‍ തന്റെ ഓഹരികള്‍ കൈമാറിയതോടെയാണ് രാജ്യത്തെ മൂന്നാമത്തെ വലിയ സമ്പന്ന വ്യക്തിത്വം ആയി അവര്‍ മാറിയത്.
79 വയസുകാരനായ എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ പ്രായം കണക്കിലെടുത്ത് ബിസിനസ് രംഗത്ത് തലമുറ മാറ്റത്തിന് തയ്യാറാവുകയായിരുന്നു. പിന്തുടര്‍ച്ചാവകാശത്തിന്റെ ഭാഗമായി കമ്പനി സ്ഥാപക ഉടമയായ ശിവ് നാടാര്‍ ഭൂരിഭാഗം ഓഹരികളും ഏക മകള്‍ റോഷ്നി നാടാര്‍ മല്‍ഹോത്രയ്ക്ക് സമ്മാനമായി കൈമാറി. എച്ച്‌സിഎല്‍ ടെക്കിന്റെ പ്രൊമോട്ടര്‍ കമ്പനികളായ എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍, വാമ സുന്ദരി ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവയിലായി തനിക്കുണ്ടായിരുന്ന 47% ഓഹരികള്‍ മകള്‍ റോഷ്നി നാടാര്‍ മല്‍ഹോത്രയ്ക്ക് സമ്മാനിച്ചു. ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ സമ്പന്നയായി മാറി റോഷ്‌നി.
മാര്‍ച്ച് ആറിനാണ് ഓഹരി കൈമാറ്റം പ്രാബല്യത്തിലായതെന്ന് എച്ച്‌സിഎല്‍ ടെക് ഓഹരി വിപണിക്ക് നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബ സ്വത്തിന്റെ പിന്തുടര്‍ച്ചയുടെ ഭാഗമായാണ് ഓഹരികള്‍ സമ്മാനമായി കൈമാറിയിട്ടുള്ളത്, ഇതിന് നേരത്തേ സെബിയുടെ അനുമതി ലഭിച്ചിരുന്നു. 44 വയസുകാരിയായ റോഷ്‌നി എച്ച്‌സിഎല്‍ കോര്‍പ്പറേഷന്റേയും വാമ ഡല്‍ഹിയുടേയും ഏറ്റവും വലിയ ഓഹരി ഉടമയായി കഴിഞ്ഞിട്ടുണ്ട്. ലിസ്റ്റഡ് കമ്പനികളായ എച്ച്‌സിഎല്‍ ടെക്, എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ് എന്നിവയുടെയും ഏറ്റവും വലിയ ഓഹരി ഉടമയെന്ന നേട്ടം റോഷ്‌നിക്കാണ്.
ബ്ലൂംബെര്‍ഗിന്റെ റിയല്‍ടൈം പട്ടികപ്രകാരം 8,810 കോടി ഡോളര്‍ അഥവാ 7.66 ലക്ഷം കോടി രൂപ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. രണ്ടാം സ്ഥാനത്തേക്ക് ഗൗതം അദാനി കുതിച്ചെത്തിയതിന് കുറച്ച് വര്‍ഷങ്ങളുടെ പഴക്കമേയുള്ളു. 6,890 കോടി ഡോളറുമായി അതായത് എകദേശം 5.98 ലക്ഷം കോടി രൂപ ആസ്തിയുമായാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രണ്ടാംസ്ഥാനത്തുള്ളത്. 3,590 കോടി ഡോളര്‍ എകദേശം 3.12 ലക്ഷം കോടി രൂപ ആസ്തിയുമായാണ് റോഷ്‌നി നാടാര്‍ മൂന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. 3 ലക്ഷം കോടി രൂപയുമായി ഷാപുര്‍ മിസ്ത്രിയും 2.61 ലക്ഷം കോടി രൂപയുമായി ഒപി. ജിന്‍ഡാല്‍ ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ എമരിറ്റസ് സാവിത്രി ജിന്‍ഡാലും പിന്നാലെയുണ്ട്.
1976ലാണ് ശിവ് നാടാര്‍ എച്ച്‌സിഎല്‍ ടെക് സ്ഥാപിക്കുന്നത്. ഹാര്‍ഡ്വെയര്‍ രംഗത്തായിരുന്നു തുടക്കം. ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര കംപ്യൂട്ടര്‍ നിര്‍മിച്ചത് കമ്പനിയായിരുന്നു. സോഫ്റ്റ്വെയര്‍ സേവന രംഗത്തേക്കുകൂടി എച്ച്‌സിഎല്‍ തുടര്‍ന്ന് കടന്നു. മികച്ച മുന്നേറ്റത്തിലൂടെ ബിസിനസ് ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച ശിവ് നാടാര്‍ 2020 ജൂലൈയില്‍ ചെയര്‍മാന്‍ പദവി മകള്‍ക്കു കൈമാറുകയായിരുന്നു. മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ പദവിയിലുണ്ടായിരുന്ന റോഷ്‌നിക്ക് അന്ന് 39 വയസാണ് പ്രായം. റോഷ്‌നി ചെയര്‍പേഴ്‌സണ്‍ ആയതിന് പിന്നാലെ എച്ച്‌സിഎല്‍ ഗ്രൂപ്പിന്റെയും ശിവ് നാടാര്‍ ഫൗണ്ടേഷന്റെയും സ്ഥാപകനായ ശിവ് നാടാര്‍ എച്ച്‌സിഎല്‍. ടെക്നോളജീസ് ചെയര്‍മാന്‍ എമരിറ്റസ് എന്നതിനൊപ്പം കമ്പനിയുടെ സ്ട്രാറ്റജിക് ഉപദേഷ്ടാവ് എന്ന നിലയിലും പ്രവര്‍ത്തിച്ചുവരികയാണ്.
Read more
ഇനിമുതല്‍ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും നിയന്ത്രണവും റോഷ്നിയുടെ കൈകളിലാണ്. ശിവ് നാടാരുടെയും ഭാര്യ കിരണ്‍ നാടാരുടെയും ഏകമകളായി 1982-ല്‍ ഡല്‍ഹിയിലാണ് റോഷ്നി ജനിച്ചത്. വസന്ത് വാലി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനം അമേരിക്കയില്‍. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് കമ്യൂണിക്കേഷനില്‍ ബിരുദമെടുത്ത റോഷ്നി കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് എംബിഎ നേടി. എച്ച്.സി.എല്‍. ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍മാന്‍ ശിഖര്‍ മല്‍ഹോത്രയെ 2010-ല്‍ വിവാഹം കഴിച്ചു. രണ്ട് മക്കളാണ് ഇരുവര്‍ക്കും. അര്‍മാര്‍, ജഹാന്‍ എന്നിങ്ങനെയാണ് മക്കളുടെ പേര്.