ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

വെയിലും മഴയും വകവയ്ക്കാതെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ചൂടാറും മുന്‍പ് ഉപഭോക്താവിലേക്കെത്തിക്കാന്‍ ശരവേഗത്തില്‍ പായുന്ന സ്വിഗ്ഗി ജീവനക്കാരെ നാം ദിവസവും കാണാറുണ്ട്. എന്നാല്‍ അന്യന്റെ വിശപ്പ് ശമിപ്പിക്കാന്‍ നെട്ടോട്ടമോടുന്നവര്‍ കോടീശ്വരന്മാരാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം സ്വിഗ്ഗി സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തതാണ് ഇതിന് കാരണം. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 420 രൂപയ്ക്കാണ് സ്വിഗ്ഗി ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കമ്പനിയുടെ ഐപിഒ തുകയായ 390നേക്കാള്‍ 7.7 ശതമാനം വര്‍ദ്ധനവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം 412 രൂപയ്ക്കാണ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സ്വിഗ്ഗിയുടെ ഓഹരികള്‍ ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും സ്വിഗ്ഗി ഐപിഒ തുകയേക്കാള്‍ 5.6 വര്‍ദ്ധനവ് നേടിയിട്ടുണ്ട്. ഐപിഒ തുകയേക്കാള്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതാണ് ജീവനക്കാര്‍ക്കും ഗുണം ചെയ്യുമെന്ന് വിലയിരുത്തുന്നത്.

എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ പ്ലാനിലും വര്‍ദ്ധനവ് കാര്യമായ സ്വാധീനം സൃഷ്ടിക്കും. ഇതോടെ നേട്ടമുണ്ടാകുക ജീവനക്കാര്‍ക്കാണ്. ഏകദേശം 500 ജീവനക്കാരെ കോടീശ്വരന്മാരാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. ആകെ ജീവനക്കാരുടെ സ്റ്റോക്ക് ഓപ്ഷനുകളുടെ എണ്ണം 231 ദശലക്ഷമാണ്.

ഐപിഒയുടെ ഉയര്‍ന്ന വിലയായ 390 രൂപയെ അടിസ്ഥാനമാക്കി മൂല്യം 9046.65 കോടി രൂപയാണ്. ഇത് സ്വിഗ്ഗിയുടെ 500ഓളം ജീവനക്കാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.