പണത്തിന് അത്യാവശ്യമുള്ളപ്പോള്‍ ഓഹരികള്‍ വിറ്റഴിക്കേണ്ട; ഓഹരികള്‍ ഈട് നല്‍കിയാല്‍ ജിയോഫിന്‍ ഒരു കോടി വരെ തരും

സ്വര്‍ണത്തിന് പകരം ഓഹരികള്‍ ഈടായി നല്‍കി വായ്പ എടുക്കാന്‍ അവസരമൊരുക്കി ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ബാങ്ക് ഇതര ധനകാര്യ സേവന വിഭാഗമായ ജിയോഫിന്‍. കൈവശമുള്ള ഓഹരികളെ അടിസ്ഥാനമാക്കി വായ്പ നല്‍കാനുള്ള പദ്ധതിയാണ് ജിയോഫിന്‍ മുന്നോട്ടുവയ്ക്കുന്നത്.

സ്വര്‍ണത്തില്‍ നിക്ഷേപമില്ലാത്തവര്‍ക്ക് സഹായകമാണ് പുതിയ പദ്ധതി. 9.99 ശതമാനം പലിശ നിരക്ക് മുതല്‍, ഓഹരികള്‍ ഈടായി നല്‍കിയാല്‍ പൂര്‍ണമായും ഡിജിറ്റല്‍ വായ്പ ജിയോഫിന്നില്‍ നിന്ന് ലഭിക്കും. ഓഹരികള്‍ വിറ്റഴിക്കാതെ അവ ഉപയോഗപ്പെടുത്തി പത്ത് മിനിറ്റിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വായ്പ നേടാനാകുന്നതാണ് പദ്ധതി.

ഉപഭോക്താക്കളുടെ റിസ്‌ക് പ്രൊഫൈലിന് അനുസരിച്ചാകും ജിയോഫിന്‍ ലോണുകള്‍ അനുവദിക്കുക. ഇത്തരത്തില്‍ ഓഹരികളുടെ ഈടില്‍ ഒരു കോടി രൂപ വരെയുള്ള വായ്പകള്‍ ലഭിക്കും. പരമാവധി മൂന്ന് വര്‍ഷമാകും വായ്പയുടെ കാലാവധി. നേരത്തെ വായ്പ തിരിച്ചടച്ചാല്‍ ചാര്‍ജുകള്‍ ഈടാക്കുന്നുമില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

Read more

യുപിഐ പേമെന്റ്, മണി ട്രാന്‍സ്ഫര്‍, സേവിംഗ്സ് അക്കൗണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ് പോര്‍ട്ട്‌ഫോളിയോ ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങള്‍ക്ക് പുറമേയാണ് ജിയോഫിന്‍ പുതിയ പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഭവന വായ്പ, പ്രോപ്പര്‍ട്ടി വായ്പ, കോര്‍പ്പറേറ്റ് ഫൈനാന്‍സിംഗ് തുടങ്ങി വിവിധ വായ്പ പദ്ധതികളാണ് ജിയോഫിന്‍ നല്‍കുന്നത്.