നാല് ദിവസത്തിനിടെ സ്വര്‍ണവില വര്‍ധന 1,880 രൂപ; ബജറ്റ് ദിനത്തില്‍ റെക്കോര്‍ഡ് വില

സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍. സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,745 രൂപയും പവന് 120 രൂപ വര്‍ധിച്ച് 61,960 രൂപയുമായി. കഴിഞ്ഞ ദിവസം 61,840 രൂപയായിരുന്നു സ്വര്‍ണം പവന് സംസ്ഥാനത്ത് വില. കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വര്‍ണം പവന്‍ വിലയിലും റെക്കോര്‍ഡ് വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്.

നാല് ദിവസത്തിനിടെ 1880 രൂപയാണ് വര്‍ധന. ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും 10 രൂപ ഉയര്‍ന്ന് 6,395 രൂപയായി. സ്വര്‍ണത്തിന്റെ വില അനുദിനം വര്‍ധിക്കുന്നത് സ്വര്‍ണ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം അന്താരാഷ്ട്ര വിലയിലും സ്വര്‍ണം റെക്കോര്‍ഡ് നേട്ടത്തിലാണ്.

കഴിഞ്ഞ ദിവസം സ്വര്‍ണം അന്താരാഷ്ട്ര വില ഔണ്‍സിന് 2,817.57 ഡോളറിലെത്തിയിരുന്നു. വില വൈകാതെ 2,800 ഡോളറിലെത്തുമെന്നാണ് വിലയിരുത്തലുകള്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കനത്ത ഇറക്കുമതി തീരുവ നീക്കത്തോടെ സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി വീണ്ടും സ്വര്‍ണത്തിനെ തേടിയെത്തി. നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് പണമൊഴുക്കി തുടങ്ങിയതാണ് വില വര്‍ധിപ്പിച്ചത്.