ഐപിഎല്‍ 2025ല്‍ തുടര്‍ച്ചയായ വിജയങ്ങളുമായി മുന്നേറവേയാണ് റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങേണ്ടി വന്നത്. ആദ്യ ബാറ്റിങ്ങില്‍ 166 എന്ന തരക്കേടില്ലാത്ത സ്‌കോര്‍ നേടിയെങ്കിലും അവസാന ഓവറില്‍ ധോണിയുടെ ടീം അത് മറികടക്കുകയായിരുന്നു. തുടര്‍തോല്‍വികളില്‍ നിന്നും ചെന്നൈ വിജയവഴിയിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ലഖ്‌നൗവിനെതിരെ നടന്നത്. ടീം തോറ്റെങ്കിലും ശ്രദ്ധേയ പ്രകടനമാണ് എല്‍എസ്ജിക്കായി കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ റിഷഭ് പന്ത് കാഴ്ചവച്ചത്. ആദ്യ മത്സരങ്ങളിലെല്ലാം ബാറ്റിങ്ങില്‍ പരാജയപ്പെട്ട താരം ചെന്നൈക്കെതിരെ 49 പന്തുകളില്‍ നാല് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സ് എടുത്ത് ടീമിന്റെ ടോപ് സ്‌കോറര്‍ ആയി.
എന്നാല്‍ ചെന്നൈക്കെതിരെ റിഷഭ് പന്തിന് സംഭവിച്ച ക്യാപ്റ്റന്‍സി പിഴവിനെ കുറിച്ച് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ചെന്നൈക്കെതിരെ നിര്‍ണായകമായ അവസാന ഓവര്‍ ആവേശ് ഖാന് പകരം രവി ബിഷ്‌ണോയിക്ക് നല്‍കണമായിരുന്നു എന്നാണ് ചോപ്ര പറഞ്ഞത്. മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് മത്സരത്തില്‍ മിന്നുംഫോമിലായിരുന്നു ബിഷ്‌ണോയി. എന്നാല്‍ ബിഷ്‌ണോയിയെ അവസാന ഓവറിന് പരിഗണിക്കാതെ ആവേശ് ഖാനെ അത് ഏല്‍പ്പിക്കുകയായിരുന്നു റിഷഭ് പന്ത്.
Read more
‘ ക്യാപ്റ്റന്‍സിയില്‍ റിഷഭിന് പിഴവ് പറ്റിയതായി എനിക്ക് തോന്നി. രവി ബിഷ്‌ണോയ് അവസാന ഓവര്‍ ഏറിയണമായിരുന്നു. നിങ്ങള്‍ അദ്ദേഹത്തിന് മുഴുവന്‍ ഓവറുകളും നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന് എന്താണ് ചെയ്യാന്‍ കഴിയുക. മൂന്ന് ഓവറില്‍ അധികം റണ്‍സ് വഴങ്ങാത്ത ആളായിരുന്നു ബിഷ്‌ണോയ്. എന്നാല്‍ അവസാന ഓവര്‍ എറിയുന്നതില്‍ നിന്നും നിങ്ങള്‍ അവനെ തടഞ്ഞു. അവസാന ഓവര്‍ ബിഷ്‌ണോയിക്ക് നല്‍കിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. റിഷഭിന് ആ തന്ത്രം മിസ് ആയെന്ന് തോന്നുന്നു. ഗ്രൗണ്ടില്‍ എത്ര മഞ്ഞുണ്ടായിരുന്നുവെന്ന് എനിക്കറിയില്ല. മഞ്ഞുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ ബിഷ്‌ണോയ് ഒരു ഓവര്‍ കൂടി ഏറിയണമായിരുന്നു, ചോപ്ര പറഞ്ഞു.