ബിറ്റ്കോയിൻറെ മൂല്യത്തിൽ അഭൂതപൂർവമായ മുന്നേറ്റം പ്രകടമാകുന്നതിനെ പിൻപറ്റി ഇന്ത്യ പുതിയ ക്രിപ്റ്റോകറൻസിയുമായി മാർക്കറ്റിൽ എത്തണമെന്ന് വിദഗ്ദർ. ഇപ്പോൾ ബിറ്റ്കോയിൻറെ കാര്യത്തിൽ പ്രകടമായിരിക്കുന്ന അതിഭീമമായ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ചൂഷണം ചെയ്യാൻ ഇന്ത്യക്കു കഴിയും. അതുകൊണ്ട് എത്രയും വേഗം ഒരു ഡിജിറ്റൽ കറൻസി ഇന്ത്യ അവതരിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കോട്ടക് മഹിന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ നിലേഷ് ഷാ, ഒരു പടി കൂടി കടന്ന് ഇതിനു നാമകരണവും ചെയ്തു. “ഇൻഡികോയിൻ” എന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന പേര്.
ബിറ്റ്കോയിൻറെ മൂല്യത്തിൽ ഈയിടെ സംഭവിച്ച മുന്നേറ്റം ക്രിപ്റ്റോകറൻസിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നുണ്ട്. ഇതിൽ വിദേശ ഇന്ത്യക്കാർ ധാരാളമുണ്ട്. ഇത് ആദ്യം മുതലെടുക്കാൻ കഴിയുന്നവർ നേട്ടമുണ്ടാക്കും. അതുകൊണ്ട് ഇന്ത്യ ഉടൻ ഒരു ക്രിപ്റ്റോകറൻസി ഇറക്കണം – അദ്ദേഹം പറയുന്നു.
20000 കോടി ഡോളർ മാർക്കറ്റ് മൂല്യമുള്ള ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നത് ഇന്ത്യക്കാർക്ക് നേട്ടം ഉണ്ടാക്കില്ല. പക്ഷെ അതിനേക്കാൾ കൂടുതൽ വിപണി മൂല്യം ഉണ്ടാക്കാൻ ഇൻഡികോയിൻ അവതരിപ്പിച്ചാൽ കഴിയുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
ബിറ്റ്‌കോയിൻ വികസിപ്പിച്ചവർക്കൊപ്പമോ അതിൽ കൂടുതലോ സാങ്കേതിക വിദഗ്ദ്യമുള്ളവർ ഇന്ത്യയിലുണ്ട്. 40 കോടി ഇന്റർനെറ്റ് ഉപയോക്താക്കൾ ഇവിടെയുണ്ട്. ഇവരെയും വിദേശ ഇന്ത്യക്കാരെയും കൂട്ടിയിണക്കി ഒരു നെറ്റ്വർക് ഉണ്ടാക്കാനായാൽ ഇന്ത്യക്ക് വമ്പൻ നേട്ടം കൊയ്യാനാകുമെന്നാണ് നിലേഷ് ഷായുടെ പക്ഷം. ഇന്ത്യൻ വിദഗ്ദർ മുൻകയ്യെടുത്താൽ 50000 കോടി ഡോളറിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഉണ്ടാക്കാൻ കഴിയുമെന്ന് സാങ്കേതിക വിദഗ്ദർ അഭിപ്രായപ്പെട്ടു.
ബിറ്റ്‌കോയിൻ ഒരു കുമിള
അതിനിടെ ബിറ്റ്‌കോയിൻ വില ഇന്ന് 18000 ഡോളർ കടന്നു. ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് കൂടുതൽ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. ലോകത്ത ഒരു സെൻട്രൽ ബാങ്കും ബിറ്റ്‌കോയിൻ അംഗീകരിച്ചിട്ടില്ലെന്ന കാര്യം ആർ ബി ഐ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ഇത് ഒരു കുമിളയാണെന്നും നിക്ഷേപകർ ഏറെ കരുതൽ കാണിക്കണമെന്നും ടെംപിൾട്ടണിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാർക്ക് മോബിയസ് പറഞ്ഞു. കൃത്രിമമായാണ് വില കയറ്റി നിർത്തുന്നത്. ഓഹരി വിപണിയിലെ കൃത്രിമ ബുൾ മുന്നേറ്റം പോലെ ഇതും ഒടുവിൽ കരച്ചിലിലാകും തീരുക – മോബിയസ് പറഞ്ഞു.
Read more
അതിനിടെ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനിസ്വേല ക്രിപ്റ്റോകറൻസി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പെട്രോ എന്ന പേരിൽ ബിറ്റ്‌കോയിൻ മോഡൽ ഡിജിറ്റൽ കറൻസി ഉടൻ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. നിലവിൽ 12000 കോടി ഡോളറിന്റെ വിദേശ കടമുള്ള വെനിസ്വേല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. റഷ്യയും ക്രിപ്റ്റോ കറൻസി രംഗത്തേക്ക് കടക്കുന്നു എന്ന റിപ്പോർട്ടുകളുണ്ട്. ക്രിപ്റ്റോ റൂബിൾ എന്ന പേരിലാണ് ഡിജിറ്റൽ കറൻസി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.