ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കോഫി ഷോപ്പ് ശൃംഖലയായ ‘ടാറ്റ സ്റ്റാര്‍ബക്സ്’ തങ്ങളുടെ ഔട്ട്‌ലറ്റ് സ്‌റ്റോറുകളുടെ എണ്ണം വിപിലീകരിക്കുന്നു. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് കോഫി വ്യവസായത്തില്‍ മികച്ച ഭാവിയാണു കാണുന്നതെന്നും, ടാറ്റ സ്റ്റാര്‍ബക്ക്‌സ് എന്ന സംയുക്ത സംരംഭത്തിനു കീഴില്‍ കഫേകളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യമെന്നും എംഡിയും സിഇഒയുമായ സുനില്‍ ഡിസൂസ വ്യക്തമാക്കി.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ സ്റ്റോറുകളുടെ എണ്ണം 1,000 ആയി ഉയര്‍ത്തും. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങള്‍ക്ക് പുറത്ത് ചെറിയ പട്ടണങ്ങളിലേക്കും സ്റ്റാര്‍ബക്‌സ് പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇന്ത്യ വേഗത്തില്‍ വളരുന്ന വിപണികളിലൊന്നായതിനാലാണ് സ്റ്റാര്‍ബക്സ് സാന്നിധ്യം വിപുലീകരിക്കാനൊരുങ്ങുന്നത്.
ആഗോള കോഫീ ശൃംഖലയായ സ്റ്റാര്‍ബക്സും ടാറ്റ ഗ്രൂപ്പും ചേര്‍ന്ന് 2012ലാണ് ടാറ്റ സ്റ്റാര്‍ബക്സ് ആരംഭിച്ചത്. ടാറ്റ സ്റ്റാര്‍ബക്സിന് ഇപ്പോള്‍ 70 നഗരങ്ങളിലായി 457 കഫേകള്‍ ഉണ്ട്. കമ്പനി 1,000 സ്റ്റോറുകളിലേക്ക് എത്തുമ്പോള്‍ ജീവനക്കാരുടെ എണ്ണം 2028ഓടെ ഇരട്ടിയാക്കും. ഇതോടെ ടാറ്റ സ്റ്റാര്‍ബക്സിലെ മൊത്തം ജീവനക്കാരുടെ എണ്ണം 8,600 ആകുമെന്നും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യയില്‍ സാന്നിധ്യമുള്ള കമ്പനിക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വില്‍പ്പന 71 ശതമാനം വര്‍ധിച്ച് 1,087 കോടി രൂപയായി.
2024 സാന്പത്തികവര്‍ഷത്തില്‍ ടാറ്റ സ്റ്റാര്‍ബക്ക്‌സിന്റെ വരുമാനം 12 ശതമാനം ഉയര്‍ന്ന് 1,218.06 കോടി ആയി. കമ്പനിയുടെ പരസ്യപ്രചാരണത്തിനുവേണ്ടിയുള്ള ചെലവുകള്‍ 26.8 ശതമാനം വര്‍ധിച്ച് 43.20 കോടി രൂപയിലെത്തി. റോയല്‍റ്റി 86.15 കോടിയാണ്. രണ്ടാംനിര, മൂന്നാംനിര നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അടുത്തഘട്ടത്തിലെ വിപുലീകരണം എന്നും സുനില്‍ ഡിസൂസ പറഞ്ഞു.
Read more
മെട്രോ നഗരങ്ങളിലേതിനു സമാനമായ ചിന്താഗതിയുള്ള യുവജനതയാണ് ഇപ്പോള്‍ അവിടങ്ങളിലുമുള്ളതെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, 25 മുതല്‍ 29 ശതമാനത്തോളം വളര്‍ച്ചയാണ് കോഫി ബിസിനസില്‍ ഇന്ത്യ കൈവരിച്ചത്.