ചൈനീസ് വ്യാളിയുടെ ദക്ഷിണ ഏഷ്യയിലേക്കുള്ള കടന്നുകയറ്റം തടയാന്‍ യുഎസ്; അദാനിക്ക് അമേരിക്കയുടെ സഹായം; ഡയമണ്ട് നെക്‌ലെസ് തന്ത്രവുമായി ഇന്ത്യ

ദക്ഷിണ ഏഷ്യയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം തടയാന്‍ ഇന്ത്യയിലുള്ള അദാനി ഗ്രൂപ്പിന് കൈകൊടുത്ത് അമേരിക്ക. ശ്രീലങ്കയിലേക്കുള്ള ചൈനയുടെ നീക്കങ്ങള്‍ക്ക് തടയാനാണ് അദാനി ഗ്രൂപ്പിനെ ഉപയോഗിച്ച് അമേരിക്ക ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ശ്രീലങ്കയില്‍ അദാനി പോര്‍ട്ട് നിര്‍മ്മിക്കുന്ന കണ്ടെയ്നര്‍ ടെര്‍മിനലില്‍ അമേരിക്ക 55.3 കോടി ഡോളര്‍ (4600 കോടി) നിക്ഷേപിക്കും.

അമേരിക്കയുടെ ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ അദാനി പോര്‍ട്ടുമായി ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. സ്പോണ്‍സര്‍മാരായ ജോണ്‍ കീല്‍സ് ഹോള്‍ഡിംഗ്സ്, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്നാണ് അമേരിക്കന്‍ ഏജന്‍സി നിക്ഷേപം നടത്തുന്നത്. ഈ കമ്പനികളുടെ ഉയര്‍ന്ന നിലവാരവും പ്രാദേശിക അനുഭവവും പ്രയോജനപ്പെടുത്തുമെന്നും ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ അറിയിച്ചു.

കൊറോണയ്ക്ക് മുമ്പും ശേഷവും നേരിട്ട സാമ്പത്തിക പ്രതിസന്ധിക്ക് മറികടക്കാന്‍ ശ്രീലങ്ക ചൈനയില്‍ നിന്നു കടമെടുത്തിരുന്നു. തുറമുഖ, ഹൈവേ പദ്ധതികള്‍ക്കായാണ് ഈ പണം ലങ്ക ഉപയോഗിച്ചത്.

തിരിച്ചടവ് സാധ്യമല്ലാതായതോടെ ശ്രീലങ്കയുടെ മേലുള്ള ചൈനീസ് കടന്നുകയറ്റം തടയാന്‍ ഇന്ത്യ ശ്രമം നടത്തുകയും സാമ്പത്തികമായ സഹായിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയുമായി ചേര്‍ന്ന് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ നിക്ഷേപം നടത്തുന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊളംബോയിലെ ഡീപ്വാട്ടര്‍ വെസ്റ്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ യുഎസ് സര്‍ക്കാര്‍ ഏജന്‍സിയുടെ ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപമാകുമിത്. . അദാനിക്കൊപ്പം ശ്രീലങ്കയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപം കരുത്തേകും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പ്രാദേശിക സാമ്പത്തിക ഏകീകരണത്തിന് ശക്തിപകരുമെന്നും ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം വരെ ശ്രീലങ്കയില്‍ 220 കോടി ഡോളറാണ് ചൈന നിക്ഷേപിച്ചത്. നേരിട്ടുള്ള വിദേശ നിക്ഷേപം എന്ന നിലയിലായിരുന്നു ഇത്. ശ്രീലങ്കയുടെ ഹമ്പന്‍ടോട്ട തുറമുഖത്തിലടക്കമായിരുന്നു ചൈനയുടെ നിക്ഷേപം.

ഈ തുറമുഖം സുസ്ഥിരമല്ലെന്നും ശ്രീലങ്കയെ കടത്തില്‍ കുടുക്കാനുള്ള ചൈനീസ് നയതന്ത്രത്തിന്റെ ഭാഗമാണെന്നുമാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നാണ് കൊളംബോ തുറമുഖം. കണ്ടെയ്നര്‍ കപ്പലുകളില്‍ പകുതിയോളം ഈ തുറമുഖത്തിന് സമീപത്ത് കൂടിയാണ് കടന്നുപോകുന്നത്.

ചൈനയെ പിടിച്ചുകെട്ടാന്‍ ശ്രീലങ്കയില്‍ ഇന്ത്യ തുടരെ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ സമുദ്രത്തില്‍ ചൈന തങ്ങളുടെ സാനിധ്യം വര്‍ദ്ധിപ്പിക്കുകയാണ്. കടം കൊടുത്ത് രാജ്യങ്ങളെ കടക്കാരാക്കി മാറ്റി സ്വന്തം വരുതിക്ക് നിര്‍ത്തുന്ന നയതന്ത്രം വഴി ഇന്ത്യയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദുര്‍ബലരാക്കി നിര്‍ത്തുക എന്നതാണ് ചൈന എടുത്തിരിക്കുന്ന തന്ത്രം.

ഇന്ത്യയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളില്‍ നാവിക ബേസ് ഉണ്ടാക്കുകയാണ് ചൈനയുടെ തന്ത്രം. അതുവഴി ഇന്ത്യയെ പേടിപ്പിച്ച് നിര്‍ത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ബംഗ്ലാദേശ് (ചിറ്റഗോംഗ്), പാകിസ്ഥാന്‍ (കറാച്ചി, ഗ്വാദര്‍ തുറമുഖം), ശ്രീലങ്ക(ഹംബന്‍ടോട്ട തുറമുഖം, കൊളംബോ) എന്നിവിടങ്ങളില്‍ ചൈന സ്വാധീനമുറപ്പിക്കാന്‍ നോക്കുന്നുണ്ട്. ഇതിനെതിരെ ഇന്ത്യ ഡയമണ്ട് നെക്‌ലെസ് എന്ന പേരിട്ടിരിക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Read more

ഇന്ത്യയ്ക്ക് ചുറ്റുമുള്ള നയതന്ത്രപ്രാധാന്യത്തോടെ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളില്‍ നാവിക കേന്ദ്രം സ്ഥാപിച്ച് ചൈനയെ പ്രതിരോധത്തില്‍ നിര്‍ത്തുക എന്നതാണ് ഡയമണ്ട് നെക് ലേസ് തന്ത്രം. ഇതിന്റെ ഭാഗമായുള്ള നിക്ഷേപങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.