ഇ.എം.ആര്‍.യു മോഡലില്‍ വിദ്യാശില്‍പ് യൂണിവേഴ്സിറ്റി; വികസനത്തിനായി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 600 കോടി നിക്ഷേപിക്കും

വിദ്യാശില്‍ എഡ്യുക്കേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിദ്യാശില്‍പ് യൂണിവേഴ്സിറ്റിക്ക് തുടക്കമായി. വളര്‍ന്നു വരുന്ന മേഖലകള്‍ക്ക് അനുയോജ്യമായ കോഴ്സുകളും പുതിയ പാഠ്യപദ്ധതികളും ഉള്‍പ്പെടുന്ന യൂണിവേഴ്സിറ്റി 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതാണ്. ശാസ്ത്ര സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പഠനരീതിക്ക് യൂണിവേഴ്സിറ്റി മുന്‍ഗണന നല്‍കും. നൂതനമായ ഹൈബ്രിഡ് പഠന രീതികളും ലേണിംഗ് അനലിറ്റിക്സും പഠന മികവ് ഉയര്‍ത്തുകയും മികച്ച ഫലം ഉറപ്പാക്കുകയും ചെയ്യും.

കര്‍ണ്ണാടക ഗവര്‍ണ്ണര്‍ തവാര് ചന്ദ് ഗെഹ്ലോട്ട്, ഉന്നത വിദ്യാഭ്യാസ-ഐടി മന്ത്രി ഡോ. സി.എന്‍ അശ്വഥ് നാരായണ്‍, കര്‍ണ്ണാടക ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. ബി. തിമ്മഗൗഢ, വിദ്യാശില്‍പ് യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. പി. ദയാനന്ദ പൈ, പ്രോ ചാന്‍സലര്‍ ഡോ. കിരണ്‍ പൈ, വൈസ് ചാന്‍സലര്‍ ഡോ. വിജയന് ഇമ്മാനുവല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
സമഗ്രവും വ്യത്യസ്ത വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ പഠനരീതിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മോഡലാണ് ഇ.എം.ആര്‍.യു അഥവ മള്‍ട്ടി ഡിസിപ്ലിനറി എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് യൂണിവേഴ്സിറ്റി. ഭാവിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ആഴത്തിലുള്ള അറിവ് നേടുന്നതിന് മുന്‍ഗണന നല്കുന്ന മള്‍ട്ടി ഡിസിപ്ലിനറി കോഴ്സുകളിലൂടെ, ഇ.എം.ആര്‍.യു മോഡലായിരിക്കും വിദ്യാശില്‍പ് യൂണിവേഴ്സിറ്റി പിന്തുടരുക. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ചിനും നൂതനാശയ വികസനവും പരിപോഷിപ്പിക്കുന്നതിനായി വിദ്യാശില്‍പ് റിസര്‍ച്ച് സെന്ററിന് യൂണിവേഴ്സിറ്റി തുടക്കമിട്ടു.

യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വിപുലീകരണത്തിനുമായി അടുത്ത അഞ്ചു വര്‍ഷത്തിനകം 600 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മേഖലകളിലെയും മാറ്റങ്ങളെ തുടര്‍ന്നുള്ള വെല്ലുവിളികള്‍ നിറവേറ്റുന്ന ഇന്റര്‍ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ലീഗല്‍ സ്റ്റഡീസ് ആന്റ് ഗവേണന്‍സ്, വിദ്യാഭ്യാസം, നേതൃത്വവികസനം, ഫൈന്‍ ആര്‍ട്ട്സ് എന്നിവയില്‍ കോഴ്സുകള്‍ ആരംഭിക്കാനാണ് വിദ്യാശില്‍പ് യൂണിവേഴ്സിറ്റി പദ്ധതിയിടുന്നത്. പരസ്പര പൂരകമായ രണ്ട് മേഖലകളില്‍ തൊഴില്‍ നൈപുണ്യം നേടാന് ഇത് വിദ്യാര്‍ഥികള്‍ക്ക് സഹായകരാകും.
വ്യക്തികളെ സത്യസന്ധരായ നേതാക്കളായി വളര്‍ത്തുന്നതിനും അതുവഴി സമൂഹത്തിന്റെ പുരോഗതിക്ക് ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നതിനുമുള്ള അടിത്തറ പാകുന്നതിനായാണ് വിദ്യാശില്‍പ് യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് കര്‍ണ്ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെഹ്ലോട്ട് പറഞ്ഞു. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള എല്ലാ പിന്തുണയും ഉറപ്പാക്കാന്‍ യൂണിവേഴ്സിറ്റിയുടെ ദീര്ഘനാളത്തെ അനുഭവ പരിചയമുള്ള നേതൃത്വം പ്രതിജ്ഞാബദ്ധമാണ്. അതുവഴി സംസ്ഥാനത്തിന് അഭിമാനമാകുന്ന വിധത്തില് ഒരു മികച്ച യൂണിവേഴ്സിറ്റിയായി മാറുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read more

ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ സമൂഹത്തില്‍ നിരവധി മാറ്റങ്ങളുണ്ടാക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് മന്ത്രി ഡോ. സി.എന്‍ അശ്വഥ് നാരായണ്‍ പറഞ്ഞു. എംഇആര്‍.യു പ്രതിബദ്ധതയോടെ നടപ്പാക്കാന്‍ യൂണിവേഴ്സിറ്റിക്ക് കഴിയുന്നതോടെ കൂടുതല്‍ അവസരങ്ങള്‍ തുറക്കുകയും സംസ്ഥാനത്തെയും രാജ്യത്തെയും ഗവേഷണ, വികസന മേഖലകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.