സ്‌കൂള്‍ ബസുകളുടെ സുരക്ഷ സംവിധാനത്തില്‍ വിട്ടുവീഴ്ചയില്ല; നാല് ക്യാമറകള്‍ നിര്‍ബന്ധമെന്ന് കെബി ഗണേഷ് കുമാര്‍

സ്‌കൂള്‍ ബസുകളുടെ സുരക്ഷ സംവിധാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാല്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സ്‌കൂള്‍ ബസുകളില്‍ അകത്തും പുറത്തുമായി നാല് ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് തീരുമാനമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. നിയമസഭയിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌കൂള്‍ ബസുകള്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കായി മേയ് മാസത്തില്‍ കൊണ്ടു വരുമ്പോള്‍ ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണെന്നും ചോദ്യോത്തര വേളയില്‍ മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഗതാഗത നിയമപരിഷ്‌കാരങ്ങള്‍ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും സബ്മിഷന് മറുപടിയായി മന്ത്രി വിശദമാക്കി.

ചില കുത്തക കമ്പനികള്‍ക്ക് വേണ്ടിയാണ് നമ്പര്‍ പ്ലേറ്റ് മാറ്റുന്ന ഭേദഗതിയെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു. നേരത്തെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ പണം നല്‍കേണ്ടെന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. തുടര്‍ന്ന് നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു.