എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ തമിഴില്‍ മെഡിക്കല്‍-എന്‍ജിനിയറിംഗ് കോഴ്സുകള്‍; പ്രഖ്യാപനവുമായി അമിത്ഷാ

ഭാഷയുടെ പേരില്‍ വിഷം പരത്തുന്നവര്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തെ ഭാഷകള്‍ ഇഷ്ടപ്പെടുമ്പോള്‍ ഇന്ത്യന്‍ ഭാഷയെ എതിര്‍ക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അഴിമതി മറച്ചുവയ്ക്കാന്‍ ഭാഷയുടെ പേരില്‍ കടകള്‍ നടത്തുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് അമിത്ഷാ വിമര്‍ശനം ഉന്നയിച്ചത്.

ഹിന്ദിക്ക് മറ്റൊരു ഇന്ത്യന്‍ ഭാഷയുമായും മത്സരമില്ല. ഹിന്ദി എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും സുഹൃത്താണ്. എല്ലാ ഇന്ത്യന്‍ ഭാഷകളും ശക്തിപ്പെടുന്നു. ഇന്ത്യന്‍ ഭാഷകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായി മോദി സര്‍ക്കാര്‍ ഔദ്യോഗിക ഭാഷാ വകുപ്പിന് കീഴില്‍ നടപടിയെടുത്തിട്ടുണ്ടെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തമിഴില്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ് കോഴ്സുകള്‍ നടത്തും. പൗരന്മാര്‍, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എം.പിമാര്‍ എന്നിവരുമായി അവരുടെ സ്വന്തം ഭാഷയില്‍ ഞാന്‍ കത്തിടപാടുകള്‍ നടത്തും. തെക്കന്‍ ഭാഷകളെ എതിര്‍ക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ല. താന്‍ ഗുജറാത്തില്‍ നിന്നാണ്, നിര്‍മ്മല സീതാരാമന്‍ തമിഴ്നാട്ടില്‍ നിന്നാണെന്നും അമിത്ഷാ പറഞ്ഞു.