സോണിയും സീയും അടിച്ച് പിരിഞ്ഞു; 748 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം; ഓഹരികള്‍ കൂപ്പുകുത്തി; ഏറ്റവും താഴ്ന്ന നിലയില്‍; വന്‍ തിരിച്ചടി

സീ എന്റര്‍ടെയ്‌മെന്റ്‌സുമായുള്ള ലയന കരാര്‍ അവസാനിപ്പിക്കുന്നതായി സോണി ഗ്രൂപ്പ് പ്രഖ്യാപിച്ചതോടെ ഓഹരികള്‍ കൂപ്പുകുത്തി. 748 കോടി രൂപയാണ് ടെര്‍മിനേഷന്‍ ഫീസായി സോണി ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടു വര്‍ഷത്തിലധികം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് തങ്ങളുടെ ഇന്ത്യന്‍ ബിസിനസ് സീയുമായി ലയിപ്പിക്കാനുള്ള നീക്കം സോണി അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ സീ എന്റര്‍ടെയ്‌മെന്റിന്റെ ഓഹരികള്‍ ഇന്നു കൂപ്പുകുത്തി. 28 ശതമാനമാണ് സീയുടെ ഓഹരി ഇടിഞ്ഞിരിക്കുന്നത്. 208 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരികള്‍ 64 രൂപ കുറഞ്ഞ് ഇപ്പോള്‍ 166 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ സീ എന്റര്‍ടെയ്ന്‍മെന്റ്‌സ് തയാറായില്ലെന്ന് കാണിച്ചാണ് ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കിയിട്ടുള്ളത്. ഇതിന് എഴുന്നൂറ്റി നാല്‍പ്പത്തെട്ട് കോടി രൂപ സീ നഷ്ടപരിഹാരമായി നല്‍കണമെന്നും സോണി ആവശ്യപ്പെട്ടിട്ടുണ്ട്.

സീ സിഇഒ പുനീത് ഗോയങ്കക്കെതിരേ സെബി നടത്തുന്ന അന്വേഷണമാണ് ലയന ചര്‍ച്ചകളെ വഴിമുട്ടിച്ച പ്രധാന കാരണം. ലയന കമ്പനിയുടെ നേതൃസ്ഥാനത്ത് ഗോയങ്കയെ അംഗീകരിക്കാന്‍ സോണി തയാറായില്ല.

സോണിയുമായുള്ള ലയന ചര്‍ച്ചകള്‍ക്ക് തുരങ്കം വെയ്ക്കുകയാണെന്ന് ആരോപിച്ച് സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ന്യൂനപക്ഷ ഓഹരി ഉടമകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം വ്യക്തമാക്കി സ്ഥാപന നിക്ഷേപകര്‍ മാര്‍ക്കറ്റ് റെഗുലേറ്ററിന് കത്തയച്ചിരുന്നു.

ഇതേതുടര്‍ന്നാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ , ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, അമന്‍സ ഹോള്‍ഡിംഗ്‌സ്, നിപ്പോണ്‍ ഇന്ത്യ, പ്ലൂട്ടസ് ഗ്രൂപ്പ് എന്നീ നിക്ഷേപകര്‍ കത്ത് കൈമാറിയത്. സീയില്‍ മൊത്തം 23.5 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമാണ് ഈ നിക്ഷേപകര്‍ക്ക് ഉള്ളത്.

Read more

ലയനത്തിന് നിശ്ചയിച്ചിരിക്കുന്ന സമയം പൂര്‍ത്തിയാകും മുമ്പ് സീയുടെ സിഇഒ, എംഡി എന്നീ സ്ഥാനങ്ങളില്‍ നിന്ന് പുനിത് ഗോയങ്ക ഒഴിയാന്‍ തയാറാകണമെന്നാണ് സ്ഥാപന നിക്ഷേകര്‍ ആവശ്യം. ഇതിന് ഗോയങ്ക തയാറായില്ലെങ്കില്‍ ഗോയങ്കയെയും മറ്റ് ചില ഡയറക്ടര്‍മാരെയും നീക്കം ചെയ്യുന്നതിനായി അസാധാരണമായ പൊതുയോഗം (ഇജിഎം) വിളിക്കാന്‍ സെബിയെ സമീപിക്കാനാണ് ഇവര്‍ ഒരുങ്ങിയത്. എന്നാല്‍, ഏറ്റെടുക്കലില്‍ നിന്ന് സോണി പിന്നോട്ട് പോയത് ഇവര്‍ക്കും തിരിച്ചടിയായി.