വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വനംവകുപ്പ് നടത്തുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രക്കിംഗിന്റെ ആദ്യഘട്ട ബുക്കിംഗ് ഇന്ന് അവസാനിച്ചു. നിങ്ങളുടെ ആഗ്രഹം അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കേണ്ട. രണ്ടാംഘട്ടം ബുക്കിംഗ് ആരംഭിക്കുന്നതിന് മുന്‍പായി സൗത്ത് ഇന്ത്യയിലെ ഏറ്റവും അപകടമേറിയ ഈ ട്രക്കിംഗിനെ കുറിച്ച് നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
മൂന്ന് ദിവസം ഇന്റര്‍നെറ്റില്ലാതെ മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാതെ വൈദ്യുതി ഇല്ലാതെ കടുവയും പുലിയും കരടിയും കാട്ടുപോത്തും കാട്ടാനയുമുള്ള കൊടുംകാടിനുള്ളിലെ താമസം. സമുദ്രനിരപ്പില്‍ നിന്നും 1868 മീറ്റര്‍ ഉയരത്തിലുള്ള അഗസ്ത്യാര്‍കൂടത്തിലേക്ക് നിങ്ങള്‍ക്ക് ഒരു സഞ്ചാരിയായി ഒരിക്കലും കയറി പോകാനാകില്ല.
അതും നിസാരമായൊരു കാടല്ല അഗസ്ത്യാര്‍കൂടം. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബയോസ്ഫിയര്‍ റിസര്‍വ്. ഇലപൊഴിയും കാടുകളും പുല്‍മേടുകളും ഗിരി വനങ്ങളും ചോലവനങ്ങളും ഈറ്റക്കാടുകളും തുടങ്ങി ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് അഗസ്ത്യാര്‍കൂടം. തീര്‍ത്ഥാടനത്തിന്റെ ആനുകൂല്യത്തിലാണ് നമുക്ക് ഈ വൈവിധ്യങ്ങള്‍ ആസ്വദിക്കാനാകുക.
കേരളത്തിന്റെ തെക്കേയറ്റത്ത് തമിഴ്നാടിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളില്‍ മൂന്നാം സ്ഥാനത്താണ്. നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങള്‍, തമിഴ്‌നാട്ടിലെ കളക്കാട് – മുണ്ടന്‍തുറ കടുവാ സങ്കേതം എന്നിവയാണ് അഗസത്യാര്‍കൂടം ബയോസ്ഫിയര്‍ റിസര്‍വിനെ ചുറ്റിയുള്ളത്.
ഒരു വശത്തേക്ക് 20 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ട്രക്കിംഗിന്. ബോണക്കാട് പിക്കറ്റിങ് സ്റ്റേഷനില്‍ 7 മണി മുതല്‍ ചെക്കിങ് ആരംഭിക്കും. 9 മണിക്ക് യാത്ര ആരംഭിക്കും. ടിക്കറ്റ് പ്രിന്റ് ഔട്ട്, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്ത ഐഡി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്.
ഒന്നാം ദിവസത്തെ ലക്ഷ്യം അതിരുമല ബേസ് ക്യാമ്പും. രണ്ടാം ദിവസം രാവിലെ ആറ് കിലോമീറ്റര്‍ മല കയറി അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിച്ചിട്ട് തിരികെ അതിരുമല ബേസ് ക്യാംപിലെത്തി മൂന്നാം ദിവസം മടക്കയാത്ര. സ്ലീപ്പിംഗ് ബാഗ്, അത്യാവശ്യ മരുന്നുകള്‍, റെയിന്‍ കോട്ട്, ടോര്‍ച്ച്, ഫ്ളാസ്‌ക് എന്നിവ കൈയില്‍ കരുതണം.
Read more
ഈ വര്‍ഷത്തെ ട്രക്കിംഗ് ജനുവരി 20 മുതല്‍ ഫെബ്രുവരി 22 വരെയാണ്. വനംവകുപ്പിന്റെ താഴെ കാണുന്ന www.forest.kerala.gov.in ലl serviceonline.gov.in/trekking എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. രണ്ടാംഘട്ട ബുക്കിംഗ് ജനുവരി 21ന് നടക്കും. ഫെബ്രുവരി 3ന് ആണ് അവസാനഘട്ട ബുക്കിംഗ്.