'140 അക്ഷരങ്ങള്‍' ; വീട്ടമ്മയ്ക്ക് സമ്മാനമായി ലഭിച്ചത് ഒരു ബൊലേറോ

ഒറ്റ ട്വീറ്റിലെ 140 അക്ഷരങ്ങള്‍കൊണ്ട് പലതും സംഭവിക്കാം. ഇത്തവണ അത്തരമൊരു ട്വീറ്റിലൂടെ വീട്ടമ്മയ്ക്ക് സമ്മാനമായി ലഭിച്ചത് ഒരു ബൊലേറോ. അത് നല്‍കിയതാകട്ടെ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്രയും. ബ്ലൂംബര്‍ഗ് എല്‍പി ജേര്‍ണലിസ്റ്റ് ജീനെറ്റ് റോഡ്രീഗസിന്റെ ട്വീറ്റാണ് മാംഗ്ലൂര്‍ സ്വദേശി ശില്‍പ്പയ്ക്ക് ബൊലേറോ സമ്മാനമായി കിട്ടാന്‍ കാരണമായത്.

സംഭവം ഇങ്ങനെ: ഭര്‍ത്താവിനെ നഷ്ടപ്പെട്ട ശില്‍പ്പ എന്ന വീട്ടമ്മയുടെ ബിസിനസ് ഹിറ്റായതോടെയാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലെ താരമായത്. 2005ല്‍ മാംഗ്ലൂരിലെത്തിയ ശില്‍പ്പയ്ക്ക് 2008ലാണ് ഭര്‍ത്താവിനെ നഷ്ടമാകുന്നത്. ഇതോടെ മകന്റെ പഠിപ്പും മാതാപിതാക്കളുടെ ചികിത്സയ്ക്കുമായി ശില്‍പ്പയ്ക്ക് താങ്ങാവുന്നതിലും അപ്പുറുമായിരുന്നു ജീവിത ചെലവുകള്‍.

എന്നാല്‍, തളരാന്‍ തയാറാകാതെ ശില്‍പ്പ സ്വന്തമായി ഒരു ബിസിനസ് നടത്താന്‍ ആലോചിച്ചു. സ്വന്തമായി അറിയാവുന്നത് പാചകമാണെന്ന് തിരിച്ചറിഞ്ഞ ശില്‍പ്പ സഞ്ചരിക്കുന്ന ഭക്ഷണശാല എന്ന ആശയം പ്രാവര്‍ത്തികമാക്കി. മകന്റെ പഠനത്തിനായി ബാങ്കിലുണ്ടായിരുന്ന പണം ഉപയോഗിച്ച് ആരംഭിച്ച സംരംഭം മാംഗ്ലൂരുകാര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. മഹീന്ദ്രയുടെ ബൊലേറോ പിക്ക്അപ്പിലാണ് സഞ്ചരിക്കുന്ന ഭക്ഷണശാല ശില്‍പ്പ പ്രാവര്‍ത്തികമാക്കിയത്.

Read more

സംരംഭം ഹിറ്റായതോടെ മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്ര ശില്‍പ്പയ്ക്ക് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്ര. ജീവിതം കരയ്ക്കടിപ്പിക്കാനുള്ള ശില്‍പ്പയുടെ പോരാട്ടത്തില്‍ മഹീന്ദ്രയുടെ ബൊലേറോയ്ക്കും പങ്കുള്ളത് അറിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ശില്‍പ്പയുടെ ബിസിനസ് വിപുലീകരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഒരു ബൊലേറോ നല്‍കാന്‍ താല്‍പ്പര്യമുണ്ടെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.