സുപ്രീംകോടതി വിധി കേരളത്തിനു ബാധകം; സവർണ സംവരണം റദ്ദ് ചെയ്യുക: കുറിപ്പ്

കേരളത്തിൽ നടപ്പിലാക്കിയ സവർണ സംവരണം പൂർണമായും റദ്ദ് ചെയ്യപ്പെടേണ്ടതാണ് എന്ന് സാമൂഹിക പ്രവർത്തകൻ കെ സന്തോഷ് കുമാർ. ഇടതുപക്ഷ സര്‍ക്കാര്‍ യാതൊരു പഠനവുമില്ലാതെയാണ് മുന്നാക്ക സംവരണം കേരളത്തിൽ നടപ്പിലാക്കിയത്. കേരളത്തിൽ മുന്നോക്കക്കാരില്‍ എത്ര പിന്നോക്കക്കാര്‍ ഉണ്ടെന്നോ അവരുടെ പിന്നോക്കാവസ്ഥ ഏതെല്ലാം നിലയിലാണെന്നോ സര്‍ക്കാരിന് അറിയില്ല എന്നും കെ സന്തോഷ് കുമാർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ സന്തോഷ്‌ കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

സുപ്രീംകോടതി വിധി കേരളത്തിനു ബാധകം : കേരള സർക്കാർ സവർണ സംവരണം റദ്ദ് ചെയ്യുക.

10 ശതമാനം സവർണ സംവരണം നടപ്പിലാക്കാൻ എന്ത്‌ അസാധാരണ സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത് ? 50 ശതമാനത്തിൽ മുകളിൽ സംവരണം നടപ്പിലാക്കാൻ പാടില്ല എന്ന സുപ്രീംകോടതിയുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് വ്യക്തതയ്ക്ക് കേരളത്തിന്റെ സാഹചര്യത്തിൽ ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കാം

ഒന്ന്. കോടതിയുടെ നിരീക്ഷണം 50 ശതമാനത്തിന് മുകളിൽ സംവരണം നടപ്പിലാക്കുന്നത് അസാധാരണ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം എന്നതാണ്. അതായത് മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ (?) പിന്നോക്കാവസ്ഥ ബോദ്ധ്യപ്പെടുന്ന സവിശേഷത സാഹചര്യം. ഈ പിന്നോക്കാവസ്ഥയുടെ മാനദണ്ഡം സാമ്പത്തികം മാത്രമായിരിക്കരുത് എന്നതാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നടപ്പിലാക്കിയ സവർണ സംവരണം പൂർണമായും റദ്ദ് ചെയ്യപ്പെടേണ്ടതാണ്. ഇടതുപക്ഷ സര്‍ക്കാര്‍ യാതൊരു പഠനവുമില്ലാതെയാണ് മുന്നോക്ക സംവരണം കേരളത്തിൽ നടപ്പിലാക്കിയത്. കേരളത്തിൽ മുന്നോക്കക്കാരില്‍ എത്ര പിന്നോക്കക്കാര്‍ ഉണ്ടെന്നോ അവരുടെ പിന്നോക്കാവസ്ഥ ഏതെല്ലാം നിലയിലാണെന്നോ സര്‍ക്കാരിന് അറിയില്ല. സംസ്ഥാനങ്ങളിലെ മുന്നോക്കക്കാരുടെ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ‘പരമാവധി പത്ത് ശതമാനം വരെ” സംവരണം നല്‍കാമെന്നാണ് നിയമം പറയുന്നത്. അതായത് സംസ്ഥാനങ്ങളിലെ മുന്നോക്കക്കാരുടെ പിന്നോക്കാവസ്ഥക്കനുസരിച്ച് സംവരണം നല്‍കാം എന്നാണ്. സംസ്ഥാനത്തെ മുന്നോക്കക്കാരായ നായര്‍, നമ്പൂതിരി, മറ്റ് മുന്നാക്ക ഹിന്ദു സമുദായങ്ങളുടെയും സുറിയാനി ക്രിസ്ത്യാനികളുടെയും സാമൂഹിക പിന്നോക്കാവസ്ഥ എന്തെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ – പൊതുമേഖല സ്ഥാപനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും പ്രാതിനിധ്യക്കുറവുണ്ടോ എന്നത് സംബന്ധിച്ച പഠനം നടത്തുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. അത്തരമൊരു ഇടതുപക്ഷ പഠനം സര്‍ക്കാര്‍ നടത്തിയിട്ടില്ല.

സവര്‍ണ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് മാനദണ്ഡം നിശ്ചയിക്കാന്‍ നിയോഗിച്ച റിട്ട. ജഡ്ജി കെ. ശശിധരന്‍ നായര്‍ ചെയര്‍മാനായ കമീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ ആധികാരികമായ സ്ഥിതിവിവരണ കണക്കുകളോ സര്‍വേകളോ ഇല്ലായെന്നതാണ് കമ്മീഷന്‍ നേരിട്ട പ്രധാന ബുദ്ധിമുട്ട് എന്ന്. പിന്നെങ്ങനെയാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സര്‍ക്കാര്‍ കണ്ടെത്തിയത് ? ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് 10 ശതമാനം സംവരണം തന്നെ നല്‍കണമെന്ന് നിശ്ചയിച്ചത് ?

അതായത്, 50 ശതമാനത്തിന് പുറത്ത് 10 ശതമാനം സവർണ സംവരണം നൽകാനുള്ള സവിശേഷ പിന്നോക്കാവസ്ഥ കേരളത്തിൽ നിലനിൽക്കുന്നില്ല. അതുകൊണ്ട് സവർണ സംവരണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നടപടി ക്രമങ്ങൾ കേരള സർക്കാർ അടിയന്തരമായി നിർത്തി വെയ്ക്കണം.

2. പിന്നോക്കാവസ്ഥ സാമ്പത്തികം മാത്രമായിരിക്കരുത് എന്ന് പറയുമ്പോൾ എന്തായിരിക്കണം എന്നത് സംബന്ധിച്ചു പഠനം നടത്തണ്ടേ ?

സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ പിന്നോക്കാവസ്ഥ പഠിക്കപ്പെടണം. (അങ്ങനെ പടിക്കപ്പെടുന്ന കമ്മീഷനിൽ സവർണ സമുദായങ്ങൾ മാത്രമായിരിക്കരുത് ). അങ്ങനെ ഒന്ന് കേരളത്തിൽ പഠിക്കപ്പെട്ടിട്ടില്ല. വ്യക്തമായ പഠനങ്ങൾ പുറത്ത് വരുന്നത് വരെ കോടതി വിധിയുടെ അടിസ്ഥാനത്നിൽ കേരളത്തിലെ നടപടിക്രമങ്ങൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടണം.

നിലവിലെ അവസ്ഥയിൽ – ശാസ്ത്രസാഹിത്യ പരിക്ഷത്ത് നടത്തിയ കേരള പഠനം, എയിഡഡ് സ്ഥാപനങ്ങളിലെയും ദേവസ്വം ബോര്‍ഡിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും കണക്കുകള്‍ തുടങ്ങിയവ വ്യക്തമാക്കുന്നത് സര്‍ക്കാര്‍ പൊതുമേഖല ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ മേഖലയിലും അധികാരത്തിലും സിംഹഭാഗവും കൈയ്യടക്കി വെച്ചിരിക്കുന്നത് സവര്‍ണ സമുദായങ്ങളാണ് എന്നാണ്. അതുകൊണ്ട് സവർണ സംവരണം അടിയന്തരമായി നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെടണം.

3. സവർണ സംവരണം നടപ്പിലാക്കാൻ കേരള സർക്കാർ നിശ്ചയിച്ച മാനദണ്ഡം പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്നതേയല്ല. സവർണരിലെ മിഡിൽ ഹൈക്ലാസിനെ കണ്ടെത്താനേ ഈ മാനദണ്ഡം ഉപകരിക്കൂ. 4 ലക്ഷം വാർഷിക വരുമാനവും ഗ്രാമങ്ങളിൽ 2.5 ഏക്കറും നഗരങ്ങളിൽ 50 സെന്റും വരെയുള്ളവർക്ക് പത്ത് ശതമാനം സവർണ സവർണ സംവരണത്തിന് അർഹതയുണ്ടെന്ന് പറയുന്നത് സവർണരിലെ മിഡിൽ ഹൈക്ലാസിനു വരെ സംവരണം ഉറപ്പാക്കുന്ന സവർണ തന്ത്രമാണ്. ഇതു പുനഃപരിശോധിക്കപ്പെടണം. അതുകൊണ്ട് നിലവിലെ സവർണ സംവരണ നടപടികൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെടണം.
നിലവിലെ കോടതി വിധിയെ ഇത്തരം വിഷയത്തിലൂടെയാണ് കാണേണ്ടത്.

50 ശതമാനത്തിന് സംവരണം പാടുള്ളൂ എന്ന് ഭരണഘടനയിൽ ഒരിടത്തും പറയുന്നില്ല. ഇന്ത്യയിലെ ആദിവാസികൾക്കും ദളിതർക്കും ദലിത് ക്രിസ്ത്യാനികൾക്കും പിന്നോക്കക്കാർക്കും മത്സ്യബന്ധന സമൂഹങ്ങൾക്കും മുസ്ലിങ്ങൾക്കും മറ്റ് പാർശ്വവത്കൃത സമൂഹങ്ങൾക്കും ജനസംഖ്യാ ആനുപാതികമായ സംവരണമാണ് നടപ്പിലാക്കേണ്ടത്. അത് ദീർഘകാല പദ്ധതിയുമാണ്. എന്നാൽ നിലവിലെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ, മുകളിൽ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സർക്കാർ നടപ്പിലാക്കിയ സവർണ സംവരണം റദ്ദ് ചെയ്യണം. അങ്ങനെ ചെയ്യാതിരിക്കുന്നത് ഭരണഘടനെയും സുപ്രീംകോടതിയെയും കേരള സർക്കാർ വെല്ലുവിളിക്കുകയാണ്.

Read more