കടുത്ത സ്ത്രീവിരുദ്ധതയടക്കമുള്ള വിവാദങ്ങള്‍ ഉയരുന്നുണ്ടെങ്കിലും 600 കോടി കളക്ഷന്‍ നേടി കുതിക്കുകയാണ് സന്ദീപ് റെഡ്ഡി വംഗ ചിത്രം ‘അനിമല്‍’. ഇതിനിടെ കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടിയില്‍ രശ്മികയുടെ ആരാധകനായ മത്സരാര്‍ത്ഥി പറഞ്ഞ വാക്കുകളും അമിതാഭ് ബച്ചന്റെ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രമോദ് ഭാസ്‌കെ ആണ് കോന്‍ ബനേഗാ ക്രോര്‍പതിയില്‍ ഇത്തവണ മത്സരാര്‍ത്ഥിയായി എത്തിയത്. 2023ല്‍ രണ്‍ബിര്‍ കപൂര്‍ അഭിനയിച്ച ചിത്രമേത് എന്നായിരുന്നു 1000 രൂപയ്ക്കുള്ള ചോദ്യം. ഇതിന് ഓപ്ഷനായി ബീസ്റ്റ്, അനിമല്‍, മോണ്‍സ്റ്റര്‍, ഡി എന്നീ ചിത്രങ്ങളുടെ പേരാണ് നല്‍കിയത്. അനിമല്‍ തിരഞ്ഞെടുത്ത് ഇയാള്‍ മുന്നോട്ട് പോയി.
പിന്നാലെ തന്റെ ഹോബികളെ കുറിച്ച് പറഞ്ഞപ്പോഴാണ് താനൊരു സിനിമാപ്രേമിയാണെന്ന് മത്സാര്‍ത്ഥി പറഞ്ഞത്. ഇതിനൊപ്പം താന്‍ രശ്മികയുടെ വലിയൊരു ആരാധകന്‍ ആണെന്നും മത്സരാര്‍ത്ഥി വ്യക്തമാക്കി. ”2016ല്‍ കിരിക് പാര്‍ട്ടി എന്ന കന്നഡ സിനിമയിലൂടെയാണ് രശ്മിക അരങ്ങേറ്റം കുറിച്ചത്.”
”സോഷ്യല്‍ മീഡിയയില്‍ രശ്മിക എനിക്ക് മൂന്ന് തവണ മറുപടി തന്നിട്ടുണ്ട്. എന്നേക്കാള്‍ വലിയ ആരാധകന്‍ ആകാന്‍ മറ്റാര്‍ക്കും കഴിയില്ല. ഞാന്‍ അവരോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു, അതിനും എനിക്ക് രശ്മിക മറുപടി തന്നിട്ടുണ്ട്” എന്നാണ് മത്സാര്‍ത്ഥി പറഞ്ഞത്. ഇതോടെ രശ്മികയെ വിളിച്ച് പ്രമോദിന് നടിയെ നേരില്‍ കാണാനുള്ള ഒരു അവസരവും ബച്ചന്‍ മത്സരാര്‍ത്ഥിക്ക് ഒരുക്കി കൊടുത്തു.
Read more
കൂടാതെ രശ്മികയെ ബച്ചന്‍ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ”എല്ലാവിധ ആശംസകളും നേരുന്നു. അനിമലില്‍ നിങ്ങളുടെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. എനിക്ക് ഇഷ്ടപ്പെട്ടു. ഒരു ദിവസം നമ്മള്‍ക്ക് അതിനെ കുറിച്ച് ഇരുന്ന് സംസാരിക്കാം” എന്നാണ് ബച്ചന്‍ പറയുന്നത്.