പോയ വര്‍ഷത്തില്‍ ബോളിവുഡില്‍ ജയത്തേക്കാളേറെ പരാജയങ്ങളുമുണ്ടായി. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളും ബോക്‌സോഫീസില്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനായിട്ടില്ല. എന്നാല്‍ 2020ല്‍ ഒരുങ്ങുന്നത് മാസ് എന്റര്‍ടെയിനറുകളാണ്. ദീപികയുടെ “ചപാക്”, അജയ് ദേവഗണ്ണിന്റെ ബ്രഹ്മാണ്ഡ ചിത്രം “തന്‍ഹാജി” കങ്കണയുടെ “പങ്ക”… തുടങ്ങി നിരവധി മികച്ച ചിത്രങ്ങളാണ് പുതുവര്‍ഷത്തില്‍ ആദ്യം റിലീസിനൊരുങ്ങുന്നത്.
ചപാക്:
ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ അതിജീവന കഥയാണ് “ചപാക്” പറയുന്നത്. ദീപിക പദുക്കോണും വിക്രാന്ത് മാസിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം മേഘ്‌ന ഗുല്‍സാര്‍ ആണ് ഒരുക്കുന്നത്. ജനുവരി 10ന് ചിത്രം റിലീസിനെത്തും.
തന്‍ഹാജി: ആന്‍ അണ്‍സങ് വാരിയര്‍:
നീണ്ട ഇടവേളക്ക് ശേഷം അജയ് ദേവ്ഗണ്ണും കാജോലും ഒരുമിച്ചെത്തുന്ന ചിത്രമാണ് “തന്‍ഹാജി: ആന്‍ അണ്‍സങ് വാരിയര്‍”. സെയ്ഫ് അലിഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജനുവരി 10ന് ചിത്രം തിയേറ്ററുകളിലെത്തും.
പങ്ക:
കബഡി താരം ജയ നിഗത്തിന്റെ ബയോപിക് ആയാണ് “പങ്ക” എത്തുന്നത്. കങ്കണ റണൗത്ത് നായികയായി എത്തുന്ന ചിത്രം ജനുവരി 24ന് തിയേറ്ററുകളിലെത്തും. ജാസി ഗില്‍, റിച്ച ഛദ്ദ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.
സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി:
“എബിസിഡി”യുടെ മൂന്നാം ഭാഗമായാണ് “സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി” ഒരുങ്ങുന്നത്. വരുണ്‍ ധവാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ജനുവരി 24ന് റിലീസിനെത്തും.
ജവാനി ജാനേമന്‍:
സെയ്ഫ് അലിഖാനും തബുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് “ജവാനി ജാനേമന്‍”. നിതിന്‍ കക്കര്‍ ഒരുക്കുന്ന ചിത്രത്തില്‍ നാല്‍പ്പത് വയസുള്ള പിതാവായാണ് സെയ്ഫ് വേഷമിടുന്നത്. ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
ശുഭ് മങ്കള്‍ സ്യാദാ സാവ്ദാന്‍:
ആയുഷ്മാന്‍ ഖുറാന നായകനായി എത്തിയ “ശുഭ് മങ്കള്‍ സാവ്ദാന്‍” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് “ശുഭ് മങ്കള്‍ സ്യാദാ സാവ്ദാന്‍” എത്തുന്നത്. ഗേ ദമ്പതികളുടെ വിവാഹമാണ് ചിത്രത്തിനാധാരം. ഫെബ്രുവരി 21ന് ചിത്രം തിയേറ്ററുകളിലെത്തും.
ദ ട്രൂ സ്റ്റോറി ഓഫ് ഗുഞ്ചന്‍ സക്‌സേന-ദ കാര്‍ഗില്‍ ഗേള്‍:
വ്യോമസേന ഉദ്യോഗസ്ഥയായിരുന്ന ഗുഞ്ചന്‍ സ്‌കസേനയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് “ദ ട്രൂ സ്റ്റോറി ഓഫ് ഗുഞ്ചന്‍ സക്‌സേന-ദ കാര്‍ഗില്‍ ഗേള്‍”. ജാന്‍വി കപൂര്‍ നായികയായെത്തുന്ന ചിത്രം മാര്‍ച്ച് 13ന് റിലീസിനെത്തും.
അങ്ക്രേസി മീഡിയം:
ഇര്‍ഫാന്‍ ഖാന്‍ കരീന കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് “അങ്ക്രേസി മീഡിയം”. 2017ല്‍ എത്തിയ “ഹിന്ദി മീഡിയ”ത്തിന്റെ സീക്വല്‍ ആയി ഒരുങ്ങുന്ന ചിത്രം മാര്‍ച്ച് 20ന് തിയേറ്ററുകളിലെത്തും.
83:
1983ലെ ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് “83”. കപില്‍ ദേവിന്റെ ബയോപിക്കായാണ് ചിത്രം ഒരുക്കുന്നത്. രണ്‍വീര്‍ സിംഗ് കപില്‍ ദേവ് ആയി വേഷമിടുമ്പോള്‍ ദീപിക പദുക്കോണും ചിത്രത്തിലെത്തുന്നുണ്ട്. ഏപ്രില്‍ 10ന് ചിത്രം റിലീസ് ചെയ്യും.
ഗുലാബോ സിതാബോ:
അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുറാനയും ഒന്നിക്കുന്ന “ഗുലാബോ സിതാബോ” ഹ്യൂമറിന് പ്രധാന്യം നല്‍കി ഒരുക്കുന്ന കുടുംബ ചിത്രമാണ്. ഏപ്രില്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും.
ലാല്‍ സിംഗ് ഛദ്ദ:
Read more
1994ല്‍ എത്തിയ ഹോളിവുഡ് ചിത്രം “ഫോറസ്റ്റ് ഗംപ്” എന്ന ചിത്രത്തിന്റെ റീമേക്കായാണ് “ലാല്‍ സിംഗ് ഛദ്ദ” എത്തുന്നത്. ആമിര്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ കരീന കപൂറാണ് നായിക. ഡിസംബര്‍ 25ന് ചിത്രം റിലീസിനെത്തും.