സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി: ദ ഡയമണ്ട് ബസാര്‍’ എന്ന വെബ് സീരിസ്. മനീഷ കൊയ്‌രാള, സൊനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദരി, സഞ്ജീദ ഷെയ്ഖ്, റിച്ച ഛദ്ദ എന്നീ താരങ്ങള്‍ക്കൊപ്പം പ്രധാന നായികയായി എത്തിയ നടിയാണ് ഷര്‍മിന്‍ സേഗാല്‍. സഞ്ജയ് ലീല ബന്‍സാലിയുടെ സഹോദരീ പുത്രി കൂടിയാണ് ഷര്‍മിന്‍.
സഞ്ജയ് ലീല ബന്‍സാലിയുടെ മലാല്‍ എന്ന ചിത്രത്തിലൂടെയാണ് ഷര്‍മിന്‍ നടിയായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ ഒരു സീന്‍ എടുക്കാനായി 50ന് അടുത്ത ടേക്കുകള്‍ വരെ താന്‍ പോയിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷര്‍മിന്‍ ഇപ്പോള്‍. ബന്‍സാലി തന്നോട് ദേഷ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഷര്‍മിന്‍ പറയുന്നത്.
”ഒരു സീന്‍ അഭിനയിക്കാന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി. ഞാന്‍ സാധാരണയായി സീനുകള്‍ ശരിയാകാന്‍ 15 ടേക്കുകള്‍ വരെ എടുക്കാറുണ്ട്. അന്ന് എനിക്ക് 25 ടേക്കുകള്‍ വേണ്ടി വന്നു. ഒരു ദിവസം മുഴുവന്‍ ഞാന്‍ പ്ലാന്‍ ചെയ്തതെല്ലാം ആ ഒറ്റ ഷോട്ട് കാരണം പാഴായി.”
”ഞാന്‍ തിരികെ കാരവാനിലെത്തിയപ്പോള്‍ സഞ്ജയ് സാര്‍ വന്നു പറഞ്ഞു, ‘ഞാന്‍ ഇത് എന്‍ജോയ് ചെയ്യുകയാണ്, ഒരു ഷോട്ടിന് കൂടി വേണ്ടി ഞാന്‍ കാത്തിരിക്കുന്നു എന്ന്. ഞാന്‍ തിരികെ സെറ്റില്‍ വന്നു. വീണ്ടും 30 ടേക്കുകള്‍ വരെ പോയി, എന്നിട്ടും ഷോട്ട് ശരിയായില്ല.”
”അദ്ദേഹം എന്നോട് ആക്രോശിച്ചു. നീ ഇത് ചെയ്‌തേ പറ്റു എന്ന് അദ്ദേഹം ദേഷ്യപ്പെട്ടു. 30 ടേക്കുകള്‍ക്ക് ശേഷം ഞാന്‍ അവിടെ നിന്ന് കരഞ്ഞു” എന്നാണ് ഷര്‍മിന്‍ പറയുന്നത്. അതേസമയം, സഞ്ജയ് ലീല ബന്‍സാലിയുടെ രാംലീല എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറട്കര്‍ ആയാണ് ഷര്‍മിന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.