ഓയോയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി ബോളിവുഡ് താരങ്ങള്‍. മാധുരി ദീക്ഷിത്, അമൃത റാവു, നിര്‍മ്മാതാവും ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാന് എന്നിവരാണ് ഓയോയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഗൗരി ഖാന് ഓയോയുടെ 2.4 ദശലക്ഷം ഓഹരികള്‍ വാങ്ങിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബോളിവുഡ് നടി മാധുരി ദീക്ഷിത്തും ഭര്‍ത്താവും മറ്റ് ചില നിക്ഷേപകരും ചേര്‍ന്ന് വെളിപ്പെടുത്താത്ത ഓയോയുടെ 2 മില്യണ്‍ ഓഹരികള്‍ വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. അമൃത റാവുവും അവരുടെ ഭര്‍ത്താവ് പ്രശസ്ത റേഡിയോ ജോക്കി അന്മോല് സൂദും സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നും ഓയോയുടെ ഓഹരികള്‍ വാങ്ങിയതായും കമ്പനി അറിയിച്ചിട്ടുണ്ട്.
അതേസമയം, അവിവാഹിതര്‍ക്ക് ഓയോയില്‍ മുറി നല്‍കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത പുറത്തുവന്നത്. പുതിയ നയം അനുസരിച്ച് ഓയോയുടെ പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പങ്കാളികളായി എത്തുന്നവര്‍, അവിവാഹിതര്‍ ആണെങ്കില്‍, അവര്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള അനുവാദമുണ്ട്.
വിവാഹിതര്‍ക്ക് മാത്രം പ്രവേശനം നല്കുന്ന ഹോട്ടലുകളില്‍ ദമ്പതികള്‍ എത്തുമ്പോള്‍ അവര്‍ ബന്ധം തെളിയിക്കുന്ന രേഖ കാണിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിന്റ സമയത്തും ഇത്തരം രേഖകള്‍ സമര്‍പ്പിക്കേണ്ടത് ആവശ്യമാണ്.