തന്നെ വേണ്ട എന്ന് പറഞ്ഞ് ഒഴിവാക്കിയ ആർസിബിക്ക് തകർപ്പൻ പണി കൊടുത്ത് മുഹമ്മദ് സിറാജ്. മുൻ ടീമിനെതിരെ ബാംഗ്ലൂരിൽ നടക്കുന്ന പോരിലാണ് സിറാജ് തന്റെ ദേഷ്യം മുഴുവൻ തീർത്തിരിക്കുന്നത്. മൂന്ന് ഓവറിൽ 15 റൺ മാത്രം വഴങ്ങിയ താരം ഇതുവരെ 2 വിക്കറ്റുകൾ നേടി കഴിഞ്ഞു. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകൻ ഫീൽഡിങ് തിരഞ്ഞെടുക്കുക ആയിരുന്നു.
ആദ്യ ഓവർ എറിയാൻ എത്തിയ സിറാജിനെ കോഹ്‌ലി ബൗണ്ടറിയോടെ വരവേറ്റെങ്കിലും മറു എൻഡിൽ നിന്ന ഫിൽ സാൾട്ട് പതറുന്ന കാഴ്ചയാണ് കണ്ടത്. താരത്തിന്റെ ലൈനും ലെങ്തും വായിക്കുന്നതിൽ പിഴവ് പറ്റിയ സാൾട്ട് ഓവറിന്റെ അഞ്ചാം പന്തിൽ എഡ്ജ് നൽകിയതാണ്. എന്നാൽ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുന്നതിൽ പരാജയപ്പെട്ട ബട്ട്ലർ നല്ല ഒരു അവസരം നഷ്ടമാക്കി. തൊട്ടടുത്ത ഓവറിൽ അർഷാദ് ഖാൻ കോഹ്‌ലിയെ മടക്കിയപ്പോൾ ഇനി തന്റെ ഊഴം എന്നുള്ള ചിന്ത ആയിരുന്നു സിറാജിന്.
ബൗണ്ടറി അടിച്ചൊക്കെ തുടങ്ങി ദേവദത്ത് പടിക്കലിനെ(4 ) തന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ക്ളീൻ ബൗൾ ചെയ്ത സിറാജ് മുൻ ടീമിനെതിരെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. സാൾട്ടിനെ പോലെ അപകടകാരിയായ ബാറ്റ്സ്മാൻ ക്രീസിൽ നിൽക്കുമ്പോൾ തങ്ങൾ പൂർണ ആധിപത്യം ഇതുവരെ കൈവരിച്ചിട്ടില്ല എന്ന് മനസിലാക്കിയ സിറാജ് ആദ്യ ഓവറിൽ നിർഭാഗ്യത്തിൽ നഷ്ടമായ വിക്കറ്റ് ഇത്തവണ ക്ലാസ് ആയി തന്നെ തൂക്കി. പടിക്കലിന്റെ പോലെ തന്നെ സിറാജ്, സാൾട്ടിന്റെ ( 14 ) കുറ്റി തെറിപ്പിക്കുക ആയിരുന്നു.
എന്തായാലും നിലവിൽ 70 – 4 എന്ന നിലയിൽ ആർസിബി നിൽക്കുമ്പോൾ തന്നെ വേണ്ട എന്ന് പറഞ്ഞ ആർസിബിയോട് സിറാജിന്റെ ഒരു മധുരപ്രതികാരവും നടന്നു എന്ന് പറയാം.