സെന്‍സര്‍ ബോര്‍ഡ് ആ ഭാഗങ്ങള്‍ കട്ട് ചെയ്തു, അക്ഷയ് കുമാര്‍ ചിത്രം റെക്കോഡ് നേടാത്തതിന് കാരണം എ സര്‍ട്ടിഫിക്കറ്റ്; തുറന്നടിച്ച് സംവിധായകന്‍

വിവാദങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഒരുപാട് കട്ടുകള്‍ക്കും ശേഷമായിരുന്നു അക്ഷയ് കുമാര്‍ ചിത്രം ‘ഒഎംജി 2’ റിലീസ് ചെയ്തത്. സ്വയംഭോഗം, ലൈംഗികവിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി എത്തിയ ചിത്രം തിയേറ്ററില്‍ ഹിറ്റ് ആയിരുന്നു. 50 കോടിയില്‍ ഒരുക്കിയ ചിത്രം 221.08 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ലഭിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് നേടാത്തതിന് കാരണം സെന്‍സര്‍ ബോര്‍ഡ് ആണെന്ന് പറയുകയാണ് സിനിമയുടെ സംവിധായകന്‍ അമിത് റായ്. സണ്ണി ഡിയോള്‍ ചിത്രം ‘ഗദര്‍ 2’വിനൊപ്പം ഓഗസ്റ്റ് 11ന് ആയിരുന്നു ഒഎംജി 2വും റിലീസ് ചെയ്തത്.

ഗദര്‍ 2വിന് ഗംഭീര കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്. സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് സീനുകള്‍ കട്ട് ചെയ്ത് കളഞ്ഞില്ലായിരുന്നുവെങ്കില്‍ ഗദര്‍ 2വിന് ഒപ്പം തന്നെ ഒഎംജി 2വും പിടിച്ച് നിന്നേനെ എന്നാണ് സംവിധായകന്‍ പറയുന്നത്.

”കഴിഞ്ഞ വര്‍ഷം ബോളിവുഡില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. എന്റെ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് അല്ലായിരുന്നെങ്കില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചേനെ. ഗദര്‍ 2വിനൊപ്പം പിടിച്ചു നില്‍ക്കുമായിരുന്നു. കുടുംബപ്രേക്ഷകരും വരുമായിരുന്നു. എന്നാല്‍ എ സര്‍ട്ടിഫിക്കറ്റ് ആയതിനാല്‍ കുടുംബപ്രേക്ഷകര്‍ വന്നില്ല.”

Read more

”സെന്‍സര്‍ ബോര്‍ഡ് എന്നെ സാമ്പത്തികമായും ഉള്ളടക്കത്തിന്റെ കാര്യത്തിലും വിഷമിപ്പിച്ചു. ഗദര്‍ 2വുമായി ഒഎംജി 2 കടുത്ത പോരാട്ടത്തില്‍ ആയിരുന്നെങ്കിലും രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഇതൊരു പൊസിറ്റീവ് സൈന്‍ ആണ്” എന്നാണ് അമിത് റായ് പറയുന്നത്.