കാപ്പി കുടിക്കാന്‍ അര്‍ദ്ധരാത്രിയില്‍ വരണം, വിളിച്ചത് സിനിമയിലെ ഒരു പ്രമുഖ; കാസ്റ്റിംഗ് കൗച്ച് നേരിട്ടെന്ന് രവി കിഷന്‍

കരിയറിന്റെ തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ടെന്ന് നടനും ലോക്‌സഭാ എംപിയുമായ രവി കിഷന്‍. സിനിമാ മേഖലയിലെ ഒരു പ്രമുഖയായ സ്ത്രീ അര്‍ധരാത്രി തന്നെ കോഫി കുടിക്കാന്‍ ക്ഷണിച്ചെന്നാണ് രവി കിഷന്‍ പറയുന്നത്. എന്നാല്‍ താന്‍ രക്ഷപ്പെടുകയായിരുന്നു എന്ന് നടന്‍ പറഞ്ഞു.

ഭോജ്പുരി, ബോളിവുഡ്, തെലുങ്ക് സിനിമകളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ നടനാണ് രവി കിഷന്‍. കാസ്റ്റിങ് കൗച്ചില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് താരം ടെലിവിഷന്‍ ഷോയിലൂടെ വെളിപ്പെടുത്തിയത്.

തനിക്കും ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ട്. എന്നാല്‍, എങ്ങനെയൊക്കെയോ അതില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ജോലിയെ ആത്മാര്‍ത്ഥമായി സമീപിക്കണമെന്നാണ് തന്നെ പിതാവ് പഠിപ്പിച്ചത്. കുറുക്കുവഴികളിലൂടെ ജോലി ചെയ്യാന്‍ ഒരിക്കലും താല്‍പര്യമുണ്ടായിരുന്നില്ല.

സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. ഒരു സ്ത്രീയാണ് തന്നെ വിളിച്ചത്. അവരുടെ പേര് പറയാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല. ഇന്‍ഡസ്ട്രിയിലെ വളരെ ശക്തയായ ഒരാളാണ് അവരിപ്പോള്‍. ഒരു കപ്പ് കാപ്പി കുടിക്കാന്‍ രാത്രി വരണം എന്നായിരുന്നു അവര്‍ പറഞ്ഞത്.

സാധാരണ ആളുകള്‍ പകലാണ് കാപ്പി കുടിക്കാന്‍ വിളിക്കാറ്. അതുകൊണ്ട് തന്നെ അവര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലായി. ആ ആവശ്യം തള്ളിക്കളയുകയും ചെയ്തു എന്നാണ് രവി കിഷന്‍ പറയുന്നത്. ഭോജ്പുരിയിലെ സൂപ്പര്‍ താരമാണ് രവി കിഷന്‍.

Read more

ഹേരാ ഫേരി, ലക്ക്, ബുള്ളറ്റ് രാജ എന്നീ ബോളിവുഡ് ചിത്രങ്ങളിലും റെയ്‌സ് ഗുരം, കിക്ക് 2, ബ്രൂസ് ലീ-ദ ഫൈറ്റര്‍, രാധ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. മോനിഷ എന്‍ മൊണാലിസ, സങ്കത്തമിഴന്‍ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.