സാറയുമായി വഴക്കുണ്ടായാല്‍ തൈമൂറിന് എന്നെ ശാന്തമാക്കാനാവില്ല; മക്കളെ കുറിച്ച് സെയ്ഫ് അലിഖാന്‍

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡിലെ താരദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറും. ഓഗസ്റ്റിലാണ് താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന വിവരം കരീന വെളിപ്പെടുത്തിയത്. ഇതുകൂടാതെ ആദ്യ ഭാര്യ അമൃത സിംഗില്‍ രണ്ട് മക്കളാണ് സെയഫിന്. മൂത്ത മക്കളായ സാറയ്ക്കും ഇബ്രഹാമിനും നല്‍കുന്നതിലേറെ സമയവും കരുതലും ഇളവനായ തൈമൂറിന് നല്‍കുന്നതില്‍ കുറ്റബോധം തോന്നുന്നില്ലേ എന്ന ചോദ്യത്തിന് സെയ്ഫ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

മൂന്ന് മക്കളെയും താന്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്നാണ് സെയ്ഫിന്റെ മറുപടി. തൈമൂറിനൊപ്പമാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത് എന്നത് ശരിയാണ്. എന്നാല്‍ മൂത്ത മകന്‍ ഇബ്രാഹിമുമായും മകള്‍ സാറയുമായും ഏറെ അടുപ്പത്തില്‍ തന്നെയാണ്. മൂന്ന് മക്കള്‍ക്കും തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നുമാണ് സെയ്ഫ് പറയുന്നത്.

“”സാറയുമായി എന്തെങ്കിലും കാര്യത്തില്‍ വഴക്കുണ്ടായിട്ടുണ്ടെങ്കില്‍ തൈമൂറിന് എന്റെ മനസ്സ് ശാന്തമാക്കാനാവില്ല. ഓരോ തവണയും നിങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോഴും നിങ്ങള്‍ നിങ്ങളുടെ ഹൃദയവും പങ്കുവെയ്ക്കുന്നു. മാത്രമല്ല അവരോരുത്തരും ഓരോ പ്രായക്കാരാണ്. ഓരോ മക്കളുമായും ഓരോ തരത്തിലുള്ള ബന്ധമാണ് വേണ്ടതെന്ന് കരുതുന്നു.””

“”സാറയും ഇബ്രാഹിമുമായും എനിക്ക് ഫോണില്‍ ദീര്‍ഘനേരം സംസാരിക്കാനും പുറത്ത് പോയി ഡിന്നര്‍ കഴിക്കുകയും ചെയ്യാം. പക്ഷേ തൈമൂറിനൊപ്പം അതിനാവില്ലല്ലോ”” എന്നാണ് ഒരു അഭിമുഖത്തിനിടെ സെയ്ഫ് വ്യക്തമാക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ഉയര്‍ന്ന ലഹരിമരുന്ന് കേസില്‍ സെയ്ഫ്, സാറയെ സഹായിക്കില്ലെന്ന നിലപാട് എടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് ഈ അഭിമുഖം എത്തിയിരിക്കുന്നത്.

ലഹരിമരുന്ന് കേസില്‍ സാറയെ ചോദ്യം ചെയ്യാനായി എന്‍സിബി വിളിപ്പിച്ചിരുന്നു. മകളെ കേസില്‍ നിന്നും രക്ഷിക്കാന്‍ അമൃത സിംഗ് സെയ്ഫിനെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നതായും എന്നാല്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്. പിന്നാലെ സെയ്ഫ് കരീനയ്ക്കും തൈമൂറിനുമൊപ്പം ഡല്‍ഹിയിലേക്ക് പറന്നിരുന്നു.