ഇത്ര നിസ്സാര സുരക്ഷയോ? സിസിടിവി പോലും സ്ഥാപിക്കാന്‍ പറ്റില്ലേ..; ചോദ്യം ചെയ്ത് രാഖി സാവന്ത്

സെയ്ഫ് അലിഖാന് നേരെ ആക്രമമുണ്ടായ പശ്ചാത്തലത്തില്‍ സെയ്ഫും കുടുംബവും താമസിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷ ചോദ്യം ചെയ്ത് രാഖി സാവന്ത്. ഹൈ പ്രൊഫൈല്‍ ആളുകള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷ ഇത്ര നിസ്സാരമാണോ എന്നാണ് രാഖി ചോദിക്കുന്നത്. സിസിടിവി പോലും സ്ഥാപിക്കാനായില്ലേ എന്നാണ് രാഖി സാവന്ത് ചോദിക്കുന്നത്.

”സെയ്ഫിന് വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. എനിക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയുന്നില്ല. കരിയറിന്റെ തുടക്കക്കാലത്തെ ബുദ്ധിമുട്ടുകള്‍ക്കിടെ എന്നെ സഹായിച്ചൊരാളാണ് അദ്ദേഹം. എന്താണ് അദ്ദേഹത്തിന് സംഭവിച്ചത്. ആ കെട്ടിടത്തില്‍ ഉണ്ടായിരുന്നവര്‍ എന്താണ് ചെയ്തു കൊണ്ടിരുന്നത്? മാസത്തില്‍ എത്ര പണം ഈടാക്കുന്നവരാണ്…”

”ഒരു സിസിടിവി പോലും സ്ഥാപിക്കാന്‍ പറ്റില്ലേ? ഇത്ര വലിയ ആളുകള്‍ക്ക് 2025ല്‍ എന്താണ് സംഭവിക്കുന്നത്” എന്നാണ് രാഖി ചോദിക്കുന്നത്. അതേസമയം, മോഷണശ്രമത്തിനിടെ ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള നടന്‍ അപകടനില തരണം ചെയ്തു.

ശസ്ത്രക്രിയയില്‍ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു. മുംബൈ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ചാണ് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് സെയ്ഫ് അലിഖാനും കുടുംബവും വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം.

Read more