ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം; സംസ്ഥാനങ്ങള്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കുറിച്ചുള്ള അന്വേഷണം രാജ്യ വ്യാപകമായി ഒരു കുടക്കീഴില്‍ വേണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ പൗരത്വവുമായി ബന്ധപ്പെട്ട രേഖകള്‍ സൃഷ്ടിക്കാന്‍ അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. വ്യാജ രേഖകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന പഴുതുകള്‍ തിരിച്ചറിയാന്‍ അന്വേഷണം വിപുലീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംശയാസ്പദമായ എല്ലാ ആധാര്‍ കാര്‍ഡുകളും പിടിച്ചെടുത്ത് പുനഃപരിശോധനയ്ക്കായി അയക്കാനാണ് നിര്‍ദ്ദേശം.

ആധാര്‍ ജനറേഷനായി സമര്‍പ്പിച്ച രേഖകളുടെ സൂക്ഷ്മപരിശോധനയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നു. സംശയാസ്പദമായ രേഖകളുമായി ആധാറിനായി അപേക്ഷിക്കാനെത്തുന്നവരെ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കാന്‍ എല്ലാ ആധാര്‍ കേന്ദ്രങ്ങളിലേക്കും നിര്‍ദ്ദേശങ്ങള്‍ കൈമാറാനും സംസ്ഥാന സര്‍ക്കാരുകളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.