ഇത് ഇന്ത്യയില്‍ റിലീസ് ചെയ്യണ്ട.. 'ഹമാരേ ബാരാ'യുടെ റിലീസ് വിലക്കി സുപ്രീം കോടതിയും!

ഹിന്ദി ചിത്രം ‘ഹമാരേ ബാരാ’യുടെ റിലീസ് തടഞ്ഞ് സുപ്രീം കോടതിയും. സിനിമയുടെ വേള്‍ഡ് വൈഡ് റിലീസിന് ബോംബെ ഹൈകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ 14 വരെയാണ് ബോംബെ കോടതി ചിത്രത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയത്. ഈ കേസ് ബോംബെ ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. മുസ്ലീം മതവിശ്വാസത്തെയും മുസ്ലീം സ്ത്രീകളെയും അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചിത്രത്തിനെതിരെ ഹര്‍ജി എത്തിയത്. സിനിമ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ കര്‍ണാടക സര്‍ക്കാര്‍ സിനിമയുടെ റിലീസ് തടഞ്ഞിരുന്നു.

ചിത്രം മഹാരാഷ്ട്രയില്‍ റിലീസ് ചെയ്യുന്നത് ബോംബെ ഹൈക്കോടതിയും വിലക്കിയിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്നു, സാമൂഹിക ഐക്യം തകര്‍ക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ സര്‍ക്കാറിനോട് സിനിമ നിരോധിക്കാന്‍ ആവശ്യപ്പെട്ടത്.

അന്നു കപൂര്‍, മനോജ് ജോഷി, പരിതോഷ് ത്രിപാഠി, പാര്‍ഥ് സാമ്താന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഹമാരേ ബാരാ. കമല്‍ ചന്ദ്ര സംവിധാനം ചെയ്ത ചിത്രം ബിരേന്ദര്‍ ഭഗത്, രവി എസ് ഗുപ്ത, സഞ്ജയ് നാഗ്പാല്‍, ഷിയോ ബാലക് സിങ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.