മദ്യലഹരിയില്‍ പിതാവിന്റെയും മകന്റെയും പരാക്രമം; അടിച്ചുതകര്‍ത്തത് പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ; പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

വയനാട്ടില്‍ മദ്യലഹരിയില്‍ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അച്ഛനും മകനും കസ്റ്റഡിയില്‍. ഇരുവരും ചേര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നമ്പിക്കൊല്ലി സ്വദേശികളായ കീത്തപ്പള്ളി സണ്ണി, മകന്‍ ജോമോന്‍ എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് സാഹസികമായി പിടികൂടിയത്.

ഇരുവരും ചേര്‍ന്ന് റോഡില്‍ ഒരു മണിക്കൂറോളം കത്തിവീശിയും കണ്ണില്‍കണ്ടതെല്ലാം അടിച്ചുതകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. വൈകുന്നേരം 3.30ഓടെ ആയിരുന്നു സംഭവം. നമ്പ്യാര്‍കുന്നില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ഗോകുലം ബസ് ആണ് പ്രതികള്‍ ആദ്യം ആക്രമിച്ചത്.

ആളെയിറക്കാന്‍ നിര്‍ത്തിയ ബസിലേക്ക് ജോമോന്‍ ഓടിക്കയറുകയായിരുന്നു. പിന്നാലെ കത്തിവീശി യാത്രക്കാരെ ഭയപ്പെടുത്തി. തുടര്‍ന്ന് ബസിന്റെ വാതില്‍ ചില്ലുകളും പിന്‍ഭാഗത്തെ ചില്ലും തകര്‍ത്തു. പിന്നീട് ബസിനുപിന്നില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ക്ക് നേരെയായി അക്രമം. കാറുകള്‍ അടക്കം അഞ്ചോളം വാഹനങ്ങളാണ് അച്ഛനും മകനും ചേര്‍ന്ന് ആക്രമിച്ചത്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറിയതോടെ പൊലീസ് വാഹനം ആക്രമിക്കുകയായിരുന്നു. ചുറ്റികയും വെട്ടുകത്തിയുമായാണ് ഇരുവരും ആക്രമണം നടത്തിയത്. പ്രതികളെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

Read more

പൊലീസ് പിടികൂടിയ പ്രതികളെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.