സന്തോഷ് ശിവന്റെ ബോളിവുഡ് ചിത്രം; വിക്രാന്ത് മസേയ്ക്ക് ഒപ്പം വിജയ് സേതുപതിയും

ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടന്‍ വിജയ് സേതുപതി. ലോകേഷ് കനകരാജിന്റെ മാനനഗരം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് വിജയ് സേതുപതി വേഷമിടാന്‍ ഒരുങ്ങുന്നത്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ ആണ് ചിത്രം ഒരുക്കുന്നത്. 12 വര്‍ഷത്തിന് ശേഷം സന്തോഷ് ശിവന്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

2008-ല്‍ റിലീസ് ചെയ്ത തഹാന്‍ ആണ് സന്തോഷ് ശിവന്‍ ഒടുവില്‍ ഒരുക്കിയ ബോളിവുഡ് ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ആയി എത്തിയ മാനനഗരത്തില്‍ നടന്‍ സുദീപ് കിഷന്‍ അവതരിപ്പിച്ച കഥാപാത്രത്തെ വിക്രാന്ത് മസേ ആണ് ഹിന്ദിയില്‍ അവതരിപ്പിക്കുക.

സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറെ, ടാനിയ മണിക്ടാല, സച്ചിന്‍ ഖഡേക്കര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ പേര് ജനുവരി ഒന്നിന് വൈകിട്ട് മൂന്ന് മണിക്ക് പുറത്തുവിടും.

Read more

ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലൂടെ സേതുപതി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് പിന്നാലെ താരം സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു. 19 (1) (എ) എന്ന മലയാളം ചിത്രത്തിലും വിജയ് സേതുപതി വേഷമിടുന്നുണ്ട്.