കൊടും വരൾച്ചയുള്ള അവിടെ അമിതാഭ് ബച്ചൻ എത്തിയപ്പോൾ മഴ പെയ്തു തുടങ്ങി, ആലിപ്പഴം വീണു; അദ്ദേഹത്തെ കാണുന്നത് ദൈവമായി : അപൂർവ ലഖിയ

ബോളിവുഡിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചൻ. പലരുടെയും ഹൃദയം ഭരിക്കുന്ന താരം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ആളുകൾ അദ്ദേഹത്തെ വാഴ്ത്തുമ്പോൾ അമിതാഭ് ബച്ചനെ ‘ദൈവം’ എന്ന് വിളിക്കുന്ന ഒരു നഗരം ഇന്ത്യയിലുണ്ട്.

രാജസ്ഥാനിലെ ജയ്സാൽമീറിലെ ആളുകൾ അമിതാഭ് ബച്ചനെ ദൈവവമായാണ് കണക്കാക്കുന്നത് എന്ന് പറയുകയാണ് സംവിധായകൻ അപൂർവ ലഖിയ. ഫ്രൈഡേ ടാക്കീസിലെ പോഡ്‌കാസ്റ്റിനിടെയാണ് അപൂർവ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

അഭിഷേക് ബച്ചനൊപ്പം ‘മുംബൈ സേ ആയാ മേരാ ദോസ്ത്’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ, അദ്ദേഹത്തിന്റെ പിതാവ് അമിതാഭ് ബച്ചനും ജയ്‌സാൽമീറിലെ സെറ്റുകളിൽ എത്തിയിരുന്നു എന്ന് പറയുകയാണ് അദ്ദേഹം. ‘ഞങ്ങൾ ജയ്‌സാൽമീറിൽ ‘മുംബൈ സേ ആയാ മേരാ ദോസ്തി’ൻ്റെ ചിത്രീകരണത്തിലായിരുന്നു. ആ സമയത്ത് അവിടെ വരൾച്ച ഉണ്ടായിരുന്നു. അമിതാഭ് ബച്ചൻ പുതുവർഷത്തിനായി അവിടെ വരുകയായിരുന്നു’

‘ജയ ജി, ശ്വേത, അമർ സിംഗ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ മരുഭൂമിയിലെവിടെയോ ഷൂട്ട് ചെയ്യുകയായിരുന്നു. ജയ്സാൽമീറിൽ ഇത്രയധികം ആഡംബര കാറുകൾ ഒരുമിച്ച് ആരും കണ്ടിട്ടില്ലാത്തതിനാൽ അവരുടെ കാറുകളുടെ ഒരു സംഘം വരുന്നുണ്ടെന്ന് നിങ്ങൾക്ക് ദൂരെ നിന്ന് മനസ്സിലാക്കാൻ കഴിയും’.

രസകരമായ ഒരു കഥ എന്തെന്നാൽ അമിതാഭ് എത്തിയ ഉടനെ തന്നെ കടുത്ത വരൾച്ചയിലൂടെ കടന്നുപോകുന്ന ജയ്‌സാൽമീറിൽ മഴ പെയ്യാൻ തുടങ്ങി. അദ്ദേഹം കാറിൽ നിന്നിറങ്ങി അഭിഷേകിനെ കെട്ടിപ്പിടിച്ച ഉടനെ തന്നെ, കനത്ത മഴ പെയ്യാൻ തുടങ്ങി.

‘നിങ്ങൾ വിശ്വസിക്കില്ല, എന്റെ അമ്മയാണ് സത്യം. അദ്ദേഹം സെറ്റിലേക്ക് വന്നതോടെ മേഘങ്ങൾ കൂടാൻ തുടങ്ങി. ലഗാനിലെ കറുത്ത മേഘങ്ങൾ വരുന്നത് പോലെ. അദ്ദേഹം കാറിൽ നിന്നിറങ്ങി അഭിഷേകിനെ കെട്ടിപ്പിടിച്ചു, ആലിപ്പഴം വീഴാൻ തുടങ്ങി’ എന്ന് സംവിധായകൻ പറഞ്ഞു.

ആളുകൾക്ക് ആശ്വാസം നൽകുന്നതായിരുന്നു ആ ഒരു മഴ. അതിനുശേഷം, ഹോട്ടലിന് പുറത്ത്, ദൈവം വന്നുവെന്ന് കരുതി അദ്ദേഹത്തിന്റെ കാൽക്കൽ തൊടാൻ 40,000-50,000 ആളുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തെ ദൈവമായി കണക്കാക്കി അദ്ദേഹത്തിന്റെ കാലുകൾ തൊടാൻ ആഗ്രഹിച്ചു നിൽക്കുകയായിരുന്നു അവർ എന്നാണ് സംവിധായകൻ പറഞ്ഞത്.