‘ഹീരാമണ്ഡി’ സീരിസിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ഷര്‍മിന്‍ സേഗല്‍. സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമകളില്‍ അസിസ്റ്റന്റ് ആയി എത്തിയ ഷര്‍മിന്‍ സംവിധായകന്റെ സഹോദരീ പുത്രിയാണ്. ചെറുപ്പത്തില്‍ അമ്മാവന്‍ ബന്‍സാലിയുടെ സെറ്റുകളില്‍ പോയിരുന്നതിനെ കുറിച്ച് ഷര്‍മിന്‍ അഭിമുഖങ്ങളില്‍ തുറന്നു പറയാറുണ്ട്.
സഞ്ജയ് ലീല ബന്‍സാലിയുടെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായ ‘ദേവ്ദാസി’ന്റെ സെറ്റില്‍ പോയതിനെ കുറിച്ച് ഷര്‍മിന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”എനിക്ക് നാല് വയസുള്ളപ്പോഴാണ് ദേവ്ദാസിന്റെ സെറ്റില്‍ എത്തുന്നത്. ഞാന്‍ അവിടെയെല്ലാം ചുറ്റി നടക്കും. അന്ന് ഐശ്വര്യ റായ്‌യുടെ മടിയില്‍ ഇരിക്കാനാണ് എനിക്ക് ഇഷ്ടം.”
”മാമ മാമ പ്ലീസ് പ്ലീസ് എന്ന് പറഞ്ഞ് ഞാന്‍ അഭ്യര്‍ത്ഥിക്കും. എനിക്ക് ഷാരൂഖിന്റെ മടിയില്‍ ഇരിക്കണ്ട, ഐശ്വര്യയുടെ മടിയില്‍ ഇരിക്കാനാണ് ആഗ്രഹം എന്ന് പറയും” എന്നാണ് ഷര്‍മിന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
അതേസമയം, സഞ്ജയ് ലീല ബന്‍സാലിയുടെ മലാല്‍ എന്ന ചിത്രത്തിലൂടെയാണ് ഷര്‍മിന്‍ നടിയായി അരങ്ങേറ്റം കുറിക്കുന്നത്. മേരി കോം, ബജിറാവു മസ്താനി എന്നീ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ഷര്‍മിന്‍ മലാല്‍, അതിഥി ഭൂതോ ഭവ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.