'ഞാന്‍ ഇതുവരെ കടം വാങ്ങിയിട്ടില്ല, സഹോദരന്റെ ബാധ്യത ഏറ്റെടുക്കാനുമാവില്ല'; കോടതിയിലെത്തി പ്രഭു

സഹോദരന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് നടന്‍ പ്രഭു. നടന്റെ ബംഗ്ലാവിന്റെ ഭാഗം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രഭു രംഗത്തെത്തിയിരിക്കുന്നത്. മൂത്ത സഹോദരന്‍ രാംകുമാറിന്റെ മകന്റെ കടബാധ്യത ഏറ്റെടുക്കാനാവില്ല എന്ന് പ്രഭു മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

ടി നഗറില്‍ പിതാവ് ശിവാജി ഗണേശന്റെ പേരിലുണ്ടായിരുന്ന ബംഗ്ലാവിന്റെ നാലിലൊരു ഭാഗം കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരെയാണ് പ്രഭു ഹര്‍ജി നല്‍കിയത്. സഹോദരങ്ങള്‍ തമ്മിലുള്ള ധാരണപ്രകാരം ‘അണ്ണൈ ഇല്ലം’ ബംഗ്ലാവിന്റെ ഉടമ താനാണെന്നും രാംകുമാറിന് സ്വത്തില്‍ അവകാശമില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ബാധ്യത തീര്‍ക്കാനാകില്ലെന്നും പ്രഭു നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

താന്‍ ഇതുവരെ കടം വാങ്ങിയിട്ടില്ല. മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കാന്‍ താല്‍പര്യമില്ല എന്നാണ് പ്രഭു പറയുന്നത്. സഹോദരന്‍ രാംകുമാറിന്റെ മകനും ഭാര്യയും ചേര്‍ന്ന് സിനിമാ നിര്‍മ്മാണത്തിനായി വായ്പ എടുത്ത തുക തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് സ്വത്തിന്റെ ഭാഗം കണ്ടുകെട്ടാന്‍ കോടതി തീരുമാനിച്ചത്.

രാംകുമാര്‍ താങ്കളുടെ സഹോദരനല്ലേ എന്നും ഒരുമിച്ചല്ലേ ജീവിക്കുന്നതെന്നും വായ്പ തിരിച്ചടച്ച ശേഷം രാംകുമാറില്‍ നിന്നും തുക തിരിച്ചു വാങ്ങിക്കൂടെ എന്നും ഇന്നലെ ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പ്രഭുവിനോട് ചോദിച്ചു. എന്നാല്‍ രാംകുമാര്‍ പലരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നും നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും പ്രഭു മറുപടി നല്‍കി.