വഖഫ് നിയമഭേദഗതി ബിൽ പാസായത് നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വഖഫ് ബിൽ സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്ക്ക് ശക്തി പകരും. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകും. ചർച്ചകളിൽ പങ്കെടുത്തവർക്ക് നന്ദിയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
പുതിയ നിയമം സുതാര്യതയും ജനങ്ങളുടെ അവകാശവും ഉറപ്പാക്കും എന്നും മോദി പറഞ്ഞു. വിപുലമായ ചർച്ചയുടെ പ്രാധാന്യം ഒരിക്കൽകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. പതിറ്റാണ്ടുകളായി വഖഫ് സംവിധാനം ഉത്തരവാദിത്വത്തിൻറേയും സുതാര്യതയുടെയും അഭാവത്തിൻറെ പര്യായമായിരുന്നു. പാർലമെന്ററി കമ്മിറ്റി ചർച്ചകളിൽ പങ്കെടുത്ത് നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നതിന് സംഭാവനകൾ നൽകിയ എല്ലാ പാർലമെന്റ് അംഗങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. പാർലമെന്ററി കമ്മിറ്റിക്ക് വിലപ്പെട്ട അഭിപ്രായങ്ങൾ നൽകിയവർക്കും നന്ദി അറിയിച്ചു.
പതിറ്റാണ്ടുകളായി വഖഫ് സമ്പ്രദായം സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും അഭാവത്തിൽ ആയിരുന്നു. മുസ്ലിം സ്ത്രീകളുടെയും ദരിദ്രരായ മുസ്ലിങ്ങളുടെയും താല്പര്യങ്ങൾക്ക് അത് ദോഷം ചെയ്തു. ഓരോ പൗരന്റെയും അന്തസിന് മുൻഗണന നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെയാണ് നമ്മൾ കൂടുതൽ ശക്തമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതെന്നും മോദി കുറിച്ചു.
Read more
14 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് രാജ്യസഭയിലും ബില്ല് പാസായത്. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. വഖഫ് ഭേദഗതി ബില്ല് ബുധനാഴ്ച ലോക്സഭ പാസാക്കിയിരുന്നു. 12 മണിക്കൂർ നീണ്ട ചർച്ചയ്ക്കും രണ്ട് മണിക്കൂർ നീണ്ട വോട്ടെടുപ്പ് പ്രക്രിയയ്ക്കും ശേഷമാണ് ബില്ല് പാസായത്. 232 എംപിമാർ എതിർത്തും 288 അംഗങ്ങൾ അനുകൂലമായുമാണ് വോട്ടു ചെയ്തത്. ഇരു സഭകളും ബിൽ പാസാക്കിയതോടെ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും.