LSG VS MI: വീണ്ടും വീണ്ടും വിവാദം, രോഹിതും സഹീറും തമ്മിലുള്ള "നിഗൂഢ" സംസാരം താരത്തിന് പണിയാകുന്നു? വീഡിയോ കാണാം

രോഹിത് ശർമ്മയുടെ വിവാദ സംസാരം അടങ്ങിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വിധേയമായിരിക്കുകയാണ്. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഐപിഎൽ 2025 ലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് പോസ്റ്റ് ചെയ്ത വീഡിയോയിൽ, കഴിഞ്ഞ സീസണിൽ കോളിളക്കം സൃഷ്ടിച്ച സമാനമായ ഒരു സംഭവത്തിന്റെ ഓർമ്മകൾ വീണ്ടും ഉണർത്തി.

ആറ് സെക്കൻഡ് ദൈർഘ്യമുള്ള ആ ക്ലിപ്പ് രോഹിതും എൽഎസ്ജി ക്യാപ്റ്റൻ ഋഷഭ് പന്തും തമ്മിലുള്ള സൗഹൃദത്തെ എടുത്തുകാണിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നിരുന്നാലും, ക്ലിപ്പിന്റെ ആദ്യ സെക്കൻഡുകളാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. മുൻ എംഐ പരിശീലകനും നിലവിലെ എൽഎസ്ജി മെന്ററുമായ സഹീർ ഖാനുമായി രോഹിത് സംസാരിക്കുന്നത് വിഡിയോയിൽ കാണാൻ സാധിച്ചു. “ചെയ്യേണ്ടതൊക്കെ ഞാൻ ശരിയായി ചെയ്തു. ഇപ്പോൾ, ഞാൻ ഇനി ഒന്നും ചെയ്യേണ്ടതില്ല.”

ഈ പരാമർശങ്ങളുടെ നിഗൂഢ സ്വഭാവം സോഷ്യൽ മീഡിയയിൽ ഉടൻ തന്നെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി, രോഹിത് വീണ്ടും പണി മേടിച്ചെന്നാണ് ആരാധകർ പറഞ്ഞിരിക്കുന്നത്. മുംബൈ ആരാധകരിൽ ചിലർ രോഹിത്തിന്റെ മോശം പ്രകടനത്തെ കളിയാക്കുന്ന സാഹചര്യത്തിൽ താൻ മുംബൈക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ ഉള്ള മോശം പ്രകടനം ഒന്നും അത്ര വലിയ കാര്യമല്ല എന്നും തരത്തിലാണ് സംസാരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം, കെകെആറിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന അഭിഷേക് നായരുമായി മത്സരത്തിന് മുമ്പുള്ള ഒരു സംഭാഷണത്തിൽ രോഹിത് പറഞ്ഞ കാര്യങ്ങൾ കൊൽക്കത്ത പുറത്ത് വിട്ടിരുന്നു.

അന്ന് താൻ മുംബൈയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്നും ടീം വിടും എന്നുമൊക്കെയാണ് രോഹിത് പറഞ്ഞത്. ആ വീഡിയോ പിന്നെ കൊൽക്കത്ത ഡിലീറ്റ് ചെയ്യുക ആയിരുന്നു.