'അന്ന് ആ സിനിമയ്ക്ക് ശേഷം ചാക്കോച്ചനോട് ഞാൻ പിണക്കമായിരുന്നു'; മനസ്സ് തുറന്ന് ലാൽ ജോസ്

കു‍ഞ്ചാക്കോ ബോബനുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ലാൽ ജോസ്. ലാൽ ജോസിന്റെ കരിയറിലെ ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു എൽസമ്മ എന്ന ആൺകുട്ടി. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആൻ അഗസ്റ്റിനുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെപ്പറ്റിയും കു‍ഞ്ചാക്കോ ബോബനുമായുണ്ടായിരുന്ന പിണക്കത്തെ കുറിച്ചും ലാൽ ജോസ് പറഞ്ഞതാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സെൻസേഷൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്.

ക്ലാസ്മേറ്റ്സ് കഴിഞ്ഞപ്പോൾ തനിക്ക് ചാക്കോച്ചനോട് ഒരു ചെറിയ പിണക്കമുണ്ടായിരുന്നു. കാരണം, അവസാന സമയത്താണ് പുള്ളി ആ സിനിമയിൽ നിന്ന് പിന്മാറിയത്. അങ്ങനെയിരിക്കെ ബെന്നി പി. നായരമ്പലവും പ്രൊഡ്യൂസർ സാബു ചെറിയാനും ആന്റോ ജോസഫും ഫാമിലിയും എല്ലാം കൂടി ഒരു വേളാങ്കണി യാത്ര പ്ലാൻ ചെയ്തു. അതിൽ ചാക്കോച്ചനും പ്രിയയുമുണ്ടായിരുന്നു. അവരെല്ലാം സുഹൃത്തുക്കളാണ്. ആന്റോ ജോസഫിനും ഫാമിലിക്കും എന്തോ കാരണം കൊണ്ട് ആ യാത്രയ്ക്ക് വന്നില്ല.

അങ്ങനെയാണ് താനും കുടുംബവും അവർക്കൊപ്പം പോകുന്നത്. ആ ട്രിപ്പിലാണ് ചാക്കോച്ചനെയും പ്രിയയെയും കൂടുതൽ പരിചയപ്പെടുന്നതും അടുത്തറിയുന്നതും അടുപ്പമുണ്ടാകുന്നതുമൊക്കെ. ആ സമയത്ത് താൻ കുടുംബത്തോടൊപ്പം എറണാകുളത്തായിരുന്നു താമസിച്ചിരുന്നത്. യാത്ര കഴിഞ്ഞ് വന്ന ശേഷം പിന്നീട് വൈകുന്നേരങ്ങളിൽ ചാക്കോച്ചനും പ്രിയയും സ്ഥിരം വീട്ടിൽ വരും. അന്ന് ചാക്കോച്ചൻ സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന സമയമാണ്. തിരിച്ചുവരവിനെ കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്.

ഒരു ആക്ടറിന്റെ ചില പ്രത്യേക ഫീച്ചർ ആളുകൾക്ക് ഭയങ്കര ഇഷ്ടമാണെങ്കിൽ അയാൾ പെട്ടുപോകും.  നിന്റെ മീശയും ചോക്ലേറ്റ് രൂപവും വേഷവും എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്. നടനെന്ന രീതിയിൽ നിനക്കുള്ള ട്രാപ്പും അതാണ്. അതുകൊണ്ട് തന്നെ നീ ആദ്യം ആ മീശ വടിച്ച് കളയൂ, എന്നിട്ട് കുറച്ച് കഥാപാത്രങ്ങൾ പരീക്ഷിക്കു എന്ന് താൻ ഒരിക്കൽ കുഞ്ചാക്കോ ബോബനോട് പറഞ്ഞു. അദ്ദേഹം അത് അനുസരിക്കുകയും ചെയ്തു.

Read more

അങ്ങനെയാണ്   സിന്ധുരാജ് എൽസമ്മയുടെ കഥ പറയുന്നത്. ഇത് ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണ്, പാലുകാരനായ ഒരു കഥാപാത്രമുണ്ട്. ഉണ്ണി എന്നാണ് പേര്, എല്ലാവരും അങ്ങനെയാണ് വിളിക്കുന്നത്. പശുവിനെ കറക്കലുമൊക്കെയായി നീ ഇതുവരെ ചെയ്യാത്ത ഒരു ലൈനാണ് എന്ന് പറഞ്ഞു. പാലുണ്ണി എന്ന പേര് കേട്ടപ്പോൾ തന്നെ ചാക്കോച്ചൻ അത് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിലേക്കെത്തിയതെന്നും ലാൽ ജോസ് പറഞ്ഞു. സോളമന്റെ തേനീച്ചകളാണ് ലാൽ ജോസിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.