കോസ്റ്റ്യൂമായി നിക്കര്‍ മാത്രമുള്ളൂ എന്ന് അറിഞ്ഞത് സെറ്റില്‍ എത്തിയപ്പോള്‍, നാലു ദിവസം ഡീസലില്‍ കുളിച്ചു തലചുറ്റി വീണു: ഉണ്ണി ലാലു

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന സീന്‍ എടുക്കാന്‍ നാല് ദിവസത്തോളം ഡീസലില്‍ കുളിച്ചുവെന്ന് നടന്‍ ഉണ്ണി ലാലു. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തില്‍ നവാഗതനായ ജിതിന്‍ ഐസക് സംവിധാനം ചെയ്ത പ്ര-തൂ-മു എന്ന ചിത്രത്തിലാണ് ഉണ്ണി അഭിനയിച്ചത്. ആക്ഷന്‍ രംഗങ്ങളില്‍ താന്‍ തല ചുറ്റി വീണുവെന്നും ഉണ്ണി പറയുന്നു.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നവരെ കുറിച്ച് പറയുന്ന പ്ര-തൂ-മു ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണ് എത്തിയത്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്ക് വീട്ടില്‍ തന്നെയുള്ളതായിരുന്നു. അത് മൊത്തം വൃത്തിയാക്കി, സാനിറ്റൈസ് ചെയ്തു. ഉള്‍ഭാഗം മൊത്തം അടച്ചു.

കെമിക്കലൊക്കെ ചേര്‍ത്ത് ശരിക്കുള്ള സെപ്റ്റിക് ടാങ്ക് പോലെ തോന്നിക്കുന്ന വിധത്തില്‍ മാറ്റിയെടുത്തത് കലാസംവിധായകന്‍ മാനവ് ആയിരുന്നു. സെറ്റില്‍ വന്നപ്പോള്‍ ഒറിജിനല്‍ സെപ്റ്റിക് ടാങ്ക് പോലെ തോന്നി. പിന്നെ വീട് നല്ല വൃത്തിയുള്ളതായിരുന്നു.

ഷൂട്ടിംഗ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഞാന്‍ മൊത്തം കറുത്തു പോയിരുന്നു. നാലു ദിവസം ഡീസലിലാണ് കുളിച്ചത്. ചിത്രത്തില്‍ ഒരു ആക്ഷന്‍ സീനുണ്ട്. തന്നെ തല്ലുന്ന രംഗം. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞപ്പോഴേക്കും കൂട്ട അടിയായിരുന്നു. ശരിക്ക് ഇടിച്ചു എല്ലാവരും.

സീന്‍ എടുത്തു കൊണ്ടിരിക്കുമ്പോള്‍ തലചുറ്റി വീണു. തലയ്ക്ക് ഇടി കിട്ടിയിരുന്നു. എല്ലാവരും ഓടി വന്ന് വെള്ളമൊക്കെ തന്നു. പിന്നെ ഒന്നൊന്നര മണിക്കൂര്‍ വിശ്രമിച്ചതിന് ശേഷമാണ് ഷൂട്ടിംഗ് തുടര്‍ന്നത് എന്നാണ് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി പറയുന്നത്.

സെറ്റില്‍ എത്തിയപ്പോഴാണ് കോസ്റ്റ്യൂമായി നിക്കര്‍ മാത്രമുള്ളൂ എന്ന് അറിഞ്ഞതെന്നും നടന്‍ പറയുന്നു. സംവിധായകന്‍ ആദ്യം തിരക്കഥ തന്നിരുന്നു. സെറ്റില്‍ എത്തിയപ്പോഴാണ് കോസ്റ്റ്യൂമായി നിക്കര്‍ മാത്രമുള്ളൂ എന്ന് അറിഞ്ഞത്. എന്നാപ്പിന്നെ അങ്ങനെയായിക്കോട്ടെ എന്ന് താനും പറഞ്ഞു എന്നാണ് ഉണ്ണി ലാലു വ്യക്തമാക്കുന്നത്.