വഴങ്ങേണ്ടി വരുമെന്ന് ബോദ്ധ്യപ്പെട്ടതോടെ പല സിനിമകളും ഉപേക്ഷിച്ചു.. തമിഴിലും വേണം ഹേമാ കമ്മിറ്റി: സനം ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് സിനിമാ മേഖലകളിലെയും കാസ്റ്റിങ് കൗച്ച് ചര്‍ച്ചയാവുകയാണ്. കേരളത്തിലെ സിനിമാ മേഖലയ്ക്ക് സമാനമായി തമിഴ് സിനിമാ മേഖലയിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് നടി സനം ഷെട്ടി പറയുന്നത്.

പലപ്പോഴും തനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി ചെന്നൈയില്‍ പറഞ്ഞു. തെറ്റായ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരുമെന്ന് ബോധ്യപ്പെട്ടതോടെ പല സിനിമകളും ഉപേക്ഷിച്ചിട്ടുണ്ട്. തമിഴ് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശദമായ വിശകലനം നടത്തണമെന്നും സനം ഷെട്ടി ആവശ്യപ്പെട്ടു.

മലയാള ചലച്ചിത്ര മേഖലയിലെ കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ കമ്മീഷന് മുന്നില്‍ തുറന്നു പറയാന്‍ ആര്‍ജവം കാണിച്ച നടിമാരെ അഭിനന്ദിക്കുന്നു. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹേമയ്ക്കും മുന്‍കൈയെടുത്ത വനിതാ നടിമാര്‍ക്കും നന്ദി അറിയിക്കുന്നതായും സനം ഷെട്ടി വ്യക്തമാക്കി.

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിലും സിനിമാ മേഖലയിലെ ചൂഷണത്തിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും സനം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സിനിമാ കമ്പനി എന്നീ മലയാള സിനിമകളില്‍ വേഷമിട്ട തെന്നിന്ത്യന്‍ നടിയാണ് സനം ഷെട്ടി.