‘1921 പുഴ മുതല്‍ പുഴ വരെ’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ സംവിധാനം രാമസിംഹന്‍ എന്നും നിര്‍മ്മാണം അലി അക്ബര്‍ എന്നും കൊടുത്തതില്‍ വിശദീകരണവുമായി സംവിധായകന്‍. ആചാരവിധി പ്രകാരം പൂജയും യജ്ഞവും ശുദ്ധിക്രിയകളും നടത്തിയാണ് പുതിയ പേര് സ്വീകരിച്ചത്. എന്നാല്‍ താന്‍ രാമസിംഹന്‍ എന്ന പേര് എഴുതിയാല്‍ ബാങ്ക് സംബന്ധമായ കാര്യങ്ങളൊന്നും നടക്കില്ല. അതിനാലാണ് നിര്‍മ്മാതാവിന്റെ സ്ഥാനത്ത് അലി അക്ബര്‍ എന്ന് എഴുതിയതെന്ന് സംവിധായകന്‍ പറയുന്നു.
സംവിധായകന്റെ വാക്കുകള്‍:
ഞാന്‍ ഹിന്ദു മതം സ്വീകരിച്ചു പേര് മാറ്റി എങ്കിലും റെക്കോര്‍ഡുകളില്‍ എന്റെ പേര് മാറ്റിയിട്ടില്ല. അതുകൊണ്ടു എന്റെ ബാങ്കിങ് രേഖകളും സിനിമയുടെ റജിസ്‌ട്രേഷനുമെല്ലാം അലി അക്ബര്‍ എന്ന പേരിലാണ്. അക്കൗണ്ടുകളില്‍ പേര് മാറ്റുന്നത് വലിയ പ്രോസസ്സ് ആണ്. അതുകൊണ്ട് ഇപ്പോള്‍ നിര്‍മാതാവിന്റെ സ്ഥാനത്ത് അലി അക്ബര്‍ എന്ന പേരേ വയ്ക്കാന്‍ പറ്റൂ.
രാമസിംഹന്‍ എന്നതാണ് എന്റെ പുതിയ പേര് ഇനി മുന്നോട്ട് ആ പേര് ഉപയോഗിക്കാന്‍ ആണ് എനിക്ക് താല്‍പര്യം. ഹിന്ദു വിശ്വാസത്തിലേക്ക് മാറാനുള്ള പൂജകളും ചടങ്ങുകളുമെല്ലാം ചെയ്താണ് പുതിയ പേര് സ്വീകരിച്ചത്. ഞാനും എന്റെ ഭാര്യയും ഹിന്ദു ധര്‍മ്മത്തിലേക്ക് മാറി മക്കള്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ട്.
എന്റെ വീട്ടില്‍ വന്നു ആചാരവിധി പ്രകാരം പൂജയും യജ്ഞവും ശുദ്ധിക്രിയകളും നടത്തിയാണ് പുതിയ പേര് സ്വീകരിച്ചത്. ഇനി ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ചെയ്ത് രേഖാമൂലം പേര് മാറ്റണം എനിക്ക് ക്ഷേത്രങ്ങളില്‍ പോകണം അതുകൊണ്ടാണ് ആചാരവിധി പ്രകാരം ഹിന്ദുമതം സ്വീകരിച്ചത്. ഞാന്‍ രാമസിംഹന്‍ എന്ന പേര് എഴുതിയാല്‍ ബാങ്ക് സംബന്ധമായ കാര്യങ്ങളൊന്നും നടക്കില്ല.
അതുകൊണ്ടാണ് പ്രൊഡ്യൂസര്‍ എന്ന സ്ഥലത്ത് പഴയ പേര് തന്നെ ഉപയോഗിച്ചത്. ഞാന്‍ പേരുമാറ്റി എന്ന് കരുതി എന്റെ പിതാവിന്റെ പേര് മാറുന്നില്ല. അതുകൊണ്ടു ഇനി എന്റെ പേര് രാമസിംഹന്‍ അബൂബക്കര്‍ എന്നായിരിക്കും. ഞാന്‍ ഹിന്ദു വിശ്വാസം സ്വീകരിച്ചു കഴിഞ്ഞു.
ഇനി എന്റെ സ്വത്തിനോ മരണശേഷം എന്റെ ശരീരത്തിനോ ഒരു തര്‍ക്കവും വരില്ല.
‘എന്താടാ ഫെയ്‌സ്ബുക്കിലെ പേര് മാറ്റാത്തത്’ എന്ന് ഇന്നും ആളുകള്‍ മെസേജ് അയച്ചു ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. പേര് മാറ്റുന്നതും മാറ്റാത്തതും എന്റെ മാത്രം കാര്യമാണ്. മറ്റുള്ളവര്‍ എന്തുപറയുന്നു എന്ന് ഞാന്‍ ശ്രദ്ധിക്കാന്‍ പോകുന്നില്ല. ട്രോള് ചെയ്യാന്‍ ഉള്ളവര്‍ ചെയ്യും പിന്തുണയ്ക്കുന്നവര്‍ അതും ചെയ്യും. അതൊന്നും എന്റെ വിഷയമല്ല.
എന്തുകൊണ്ട് ഒരു ചെറിയ പ്രേക്ഷകര്‍ക്ക് മുന്നില്‍ ജനുവരി 20 ന് പുഴമുതല്‍ പുഴവരെ’ എന്ന ചിത്രം കാണിച്ചു എന്ന് ആര്‍ക്കെങ്കിലും അറിയാമോ? വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരമദിനമായിരുന്നു ജനുവരി 20 അതുകൊണ്ടാണ് ഞാന്‍ ചിത്രത്തിന്റെ പ്രിവ്യൂ ഷോ അന്ന് തന്നെ കാണിച്ചത്.
ചിത്രം റിലീസിന് തയാറായി കഴിഞ്ഞു തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യാ റിലീസ് ആണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതുകൊണ്ടു ഹിന്ദിയിലേക്ക് കൂടി മൊഴി മാറ്റണം. കോവിഡിന്റെ ഭീഷണി ഒന്ന് ഒതുങ്ങിയാല്‍ ചിത്രം റിലീസ് ചെയ്യാം എന്ന് കരുതുന്നു.