പവർപ്ലേയ്ക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ്, ആക്രമണത്തിലേക്ക് കൊണ്ടുവന്നാൽ രവിചന്ദ്രൻ അശ്വിനെ എങ്ങനെ കൂടുതൽ ഫലപ്രദമാക്കാമെന്ന് ക്രിസ് ശ്രീകാന്ത് വിശദീകരിച്ചു. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ്, ആർസിബിക്കും രാജസ്ഥാൻ റോയൽസിനും (ആർആർ) എതിരെ തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങിയതിനെ തുടർന്നാണ് മുൻ ഇന്ത്യൻ ഓപ്പണറുടെ ഉപദേശം.
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ (എംഐ) വിജയത്തോടെയാണ് സിഎസ്കെ തങ്ങളുടെ പ്രചാരണം ആരംഭിച്ചത്. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീം പരാജയമായി. മൂന്ന് മത്സരങ്ങളിലായി 10 ഓവറുകൾ എറിഞ്ഞ അശ്വിൻ മൂന്ന് വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്. അതിനേക്കാൾ ബുദ്ധിമുട്ടിക്കുന്നത് 9.90 എന്ന ഇക്കോണമി റേറ്റിൽ അദ്ദേഹം റൺസ് വഴങ്ങുന്നതാണ്. മൂന്ന് മത്സരങ്ങളിലും പവർപ്ലേയ്ക്കുള്ളിൽ ഒരു ഓവർ എറിഞ്ഞ അശ്വിൻ ആ മൂന്ന് ഓവറുകളിൽ നിന്ന് 49 റൺസ് വഴങ്ങുകയും ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനും പറ്റിയത്.
7 മുതൽ 18 വരെയുള്ള ഓവറുകളിൽ അശ്വിന് കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പറഞ്ഞ ശ്രീകാന്ത് ഡെവൺ കോൺവേയെയും അൻഷുൽ കാംബോജിനെയും ടീമിലേക്ക് കൊണ്ടുവരാനും സിഎസ്‌കെ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.
“ജാമി ഓവർട്ടണിന് പകരം കോൺവേ വരണം, അൻഷുൽ കാംബോജിനെയും ഇലവനിലേക്ക് കൊണ്ടുവരണം. അശ്വിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തെ ഒഴിവാക്കരുത്, പക്ഷേ പവർപ്ലേയിൽ പന്തെറിയുന്നത് തടയുക. 7-18 ഓവറിനുള്ളിൽ അദ്ദേഹത്തിന് നന്നായി പന്തെറിയാൻ കഴിയും. ജഡേജയും നൂർ അഹമ്മദും ഉള്ളതിനാൽ, അവർക്ക് അശ്വിൻ കൂടി ചേരുമ്പോൾ കാര്യങ്ങൾ കണ്ട്രോൾ ചെയ്യാൻ പറ്റും. ഞാൻ ആണെങ്കിൽ ത്രിപാഠിയെ ഒഴിവാക്കി കാംബോജിനെയും ഓവർട്ടണിന് പകരം കോൺവേയെയും ടീമിലേക്ക് കൊണ്ടുവരും, ”ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
എന്തായാലും ടീമിൽ മാറ്റങ്ങൾ വരുത്തി ഇല്ലെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന് ഈ സീസൺ ഒരു ദുരന്തമായി കലാശിക്കാനുള്ള സാധ്യത കൂടുതലാണ്.