അസോസിയേറ്റ് ഡയറക്ടര്‍ മോശമായി പെരുമാറി, സൗന്ദര്യമില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ടു: അമൃത നായര്‍

സൗന്ദര്യമില്ലെന്ന് പറഞ്ഞ് തനിക്ക് അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി അമൃത നായര്‍. കരിയറിന്റെ തുടക്കകാലത്ത് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ചാണ് അമൃത ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. ഒരു അസോസിയേറ്റ് ഡയറക്ടര്‍ തന്നോട് മോശമായി സംസാരിച്ചിട്ടുണ്ട്. സ്‌കിന്‍ കെയര്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് തനിക്ക് മാറ്റം വന്നത് എന്നാണ് അമൃത പറയുന്നത്.

കാണാന്‍ ഭംഗിയില്ലെന്നും ക്യാമറയില്‍ കാണുമ്പോള്‍ സൗന്ദര്യം കുറവാണെന്നും പറഞ്ഞ് എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് സ്‌കിന്‍ കെയര്‍ ഒക്കെ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കുറച്ച് മാറ്റം വന്നത്. ഇന്‍ഡസ്ട്രിയിലേക്ക് വന്ന സമയത്ത് ഒരു അസോസിയേറ്റ് ഡയറക്ടര്‍ മോശമായി സംസാരിച്ചിട്ടുണ്ട്.

ലൊക്കേഷന്‍ എന്താണെന്നോ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ക്യാമറ എവിടെയാണ് എങ്ങോട്ട് തിരിയണം, എങ്ങോട്ട് നോക്കണം എന്നൊന്നും അറിയില്ല. എനിക്കൊപ്പം ഒന്ന് രണ്ട് വലിയ ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ വച്ചാണ് സംഭവം. ആക്ഷന്‍ പറഞ്ഞതിന് ശേഷം ഞാന്‍ ചിരിക്കുകയോ മറ്റോ ചെയ്തു.

അതുകണ്ട് അസോസിയേറ്റ് വളരെ മോശമായി എന്നോട് സംസാരിച്ചു. ഉപയോഗിക്കാന്‍ പാടില്ലാത്ത മോശം വാക്കാണ് അദ്ദേഹം പ്രയോഗിച്ചത്. അന്ന് എനിക്ക് ഇരുപത് വയസേ ഉണ്ടായിരുന്നുള്ളൂ. ആ ക്രൂവിന്റെ മുന്നില്‍ വച്ചാണ് എന്നോട് മോശമായി പെരുമാറിയത്. അതായിരുന്നു ഈ രംഗത്ത് എന്റെ ആദ്യത്തെ മോശം അനുഭവം.

ആറേഴ് മാസം മുമ്പ് ഞാന്‍ അദ്ദേഹത്തെ വീണ്ടും കണ്ടിരുന്നു. സംസാരിച്ചൊന്നുമില്ല, ചിലപ്പോള്‍ എന്നെ മനസിലാവാത്തത് കൊണ്ടായിരിക്കും എന്നാണ് അമൃത ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് അമൃത ശ്രദ്ധ നേടുന്നത്. ഗീതാഗോവിന്ദം എന്ന സീരിയലിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്.