അവിടെയൊക്കെ എല്ലാവരും അത്തരത്തിൽ അടിച്ച് ശീലമുള്ളവരാണ്; കാതലിലെ മദ്യപാന രംഗത്തെ കുറിച്ച് അനഘ രവി

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിലിറങ്ങിയ കാതൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകൾ ഫെമി ദേവസിയായി അഭിനയിച്ച താരമാണ് അനഘ രവി. ചിത്രത്തിൽ കുടുംബത്തോടൊപ്പമുള്ള മദ്യപാന രംഗം കണ്ട് ചിലയാളുകൾ വിമർശനവുമായി രംഗത്തുവന്നിരുന്നു.

കോട്ടയത്തുള്ള ക്രിസ്ത്യൻ കുടുംബങ്ങളിൽ ഇത്തരം മദ്യപാനങ്ങൾ സ്വഭാവികമാണെന്നും അത്തരത്തിലുള്ള ഒരു കഥാപാത്രനിർമ്മിതി ആയതുകൊണ്ട് തന്നെ ആ രംഗത്തെ ചൊല്ലിയുള്ള ഇപ്പോഴുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും അനഘ രവി പറയുന്നു. കൂടാതെ എന്തെങ്കിലും ഒരു മാറ്റം സമൂഹത്തിൽ ഉണ്ടാകണമെന്ന് കരുതി ചെയ് സിനിമയൊന്നുമല്ല കാതലെന്നും മമ്മൂക്ക ആ കഥാപാത്രം ചെയ്തത് തന്നെയാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ച സ്വീകാര്യതയ്ക്ക് കാരണമെന്നും അനഘ പറയുന്നു.

“വീട്ടുകാർക്കൊപ്പമിരുന്ന് അളിയൻ്റെ കഥാപാത്രം വെള്ളമടിക്കുന്ന രംഗത്തെ കുറിച്ചാണല്ലോ വിമർശനം. അത്തരം വിമർശനങ്ങളൊക്കെ ഉണ്ടാകും. ഇത് കോട്ടയത്തെ ഒരു ക്രൈസ്‌തവ കുടുംബത്തിൽ നടക്കുന്ന കഥയാണ്. അവിടെ നോർമലി ഇത് എല്ലാവരും ചെയ്യുന്നുണ്ട്. എൻ്റെ അടുത്ത് അടിക്കുന്നോ എന്ന് ചോദിച്ച ശേഷം അദ്ദേഹം പെങ്ങളോടും അതേ ചോദ്യം ആവർത്തിക്കുന്നുണ്ട്.

അവിടെയൊക്കെ എല്ലാവരും അത്തരത്തിൽ അടിച്ച് ശീലമുള്ളവരാണ്. എന്റെ ഫാമിലിയിലും അങ്ങനെ ഉള്ളവരുണ്ട്. കോട്ടയത്ത് എങ്ങനെയാണെന്ന് അറിയില്ലായിരുന്നു. കോട്ടയത്തെ ചില കുടുംബങ്ങളിലൊക്കെ അത്തരത്തിലുണ്ടെന്ന് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്കത് നോർമൽ ആയിട്ടാണ് തോന്നുന്നത്.

സിനിമയിൽ ആ രംഗം കുത്തിത്തിരികി കയറ്റിയതായൊന്നും തോന്നുന്നില്ല. പിന്നെ ഫെമി വളരെ ഓപ്പൺ പേഴ്‌സണാണ്. കാര്യം കാര്യമായി പറയുന്ന ആളാണ്. അപ്പയുടെ അടുത്തു പോലും നുണ പറയല്ലേ അപ്പാ എന്ന് പറയുന്ന ആളാണ്. അങ്ങനെ ഒരാളോട് ഹോസ്റ്റലിൽ അടിക്കാറുണ്ടോടീ എന്ന് ചോദിച്ചാൽ സ്വാഭാവികമായും തുറന്ന് പറയും.

ഞാൻ ആയാൽ പോലും എൻ്റെ വീട്ടുകാരുടെ അടുത്ത് നുണ പറയില്ല. കാര്യം കാര്യമായി പറയും. അപ്പോൾ ആ സമയത്ത് ഫെമിയുടെ കഥാപാത്രം ഓപ്പൺ ആയി പറയുന്നുണ്ട്. അമ്മയുടെ കഥാപാത്രവും വളരെ ഓപ്പൺ ആണ്. ” സൈന സൌത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അനഘ ചിത്രത്തിലെ പ്രസ്തുത രംഗത്തെ പറ്റി സംസാരിച്ചത്.